ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. 

മസ്‍കത്ത്: ഒമാനില്‍ രണ്ട് സ്‍കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ മുസന്ന വിലായത്തില്‍ തിങ്കളാഴ്‍ചയായിരുന്നു സംഭവം. അപകടം സംബന്ധിച്ച് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പ്രസ്‍താവന പുറത്തിറക്കി. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് പ്രസ്‍താവനയില്‍ പറയുന്നു.

ഇമാം ഖന്‍ബാഷ് ബിന്‍ മുഹമ്മദ് സ്‍കൂള്‍ ഫോര്‍ ബേസിക് എജ്യുക്കേഷനിലെയും ഇബ്‍ന്‍ അല്‍ ഹൈതം പ്രൈവറ്റ് സ്‍കൂളിന്റെയും ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുസന്ന ഹെല്‍ത്ത് സെന്ററിലും അല്‍ റുസ്‍തഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചികിത്സ ലഭ്യമാക്കിയ ശേഷം ആരോഗ്യ സ്ഥിതി ഉറപ്പുവരുത്തി എല്ലാ വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് മടങ്ങി. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ പറയുന്നു. അപകട സമയത്ത് സഹായം നല്‍കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗത്ത് അല്‍ ബാത്തിന വിദ്യാഭ്യാസ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു.

Read also: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് ബാലന്‍ മരിച്ചു

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്; ഒരാള്‍ക്ക് ഗുരുതര പരിക്ക്
മസ്‍കത്ത്: ഒമാനില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു സ്‍ത്രീക്ക് ഗുരുതര പരിക്ക്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ ബൌഷര്‍ വിലായത്തിലായിരുന്നു അപകടമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.

ബൌഷര്‍ ഗവര്‍ണറ്റേറിലെ അല്‍ അന്‍സബ് ഏരിയയിലുള്ള ഒരു വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിവരം ലഭിച്ചതനുസരിച്ച് മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അപകടമുണ്ടായ വീട്ടിലുണ്ടായിരുന്ന സ്‍ത്രീക്ക് പരിക്കേറ്റു. ഇവര്‍ക്ക് സംഭവസ്ഥലത്തുവെച്ചു തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

Read also: തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികള്‍ അറസ്റ്റില്‍; 236 പേരെ നാടുകടത്തി