Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് ബാലന്‍ മരിച്ചു

മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് 13 വയസുകാരനായ ബാലന്‍ അപകടത്തില്‍പെട്ടത്. 

13 year old boy drowned to death in Saudi Arabia
Author
First Published Dec 5, 2022, 10:56 PM IST

റിയാദ്: സൗദി അറേബ്യയില്‍ വെള്ളക്കെട്ടില്‍ വീണ് ബാലന്‍ മരിച്ചു. ഖുന്‍ഫുദയ്ക്ക് സമീപം സബ്‍തല്‍ജാറയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ശക്തമായ മഴ പെയ്‍തിരുന്നു. മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ബാലന്‍ അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും പ്രദേശവാസികള്‍ അതിന് മുമ്പ് തന്നെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Read more:  സൗദി അറേബ്യയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. മഹായില്‍ അസീറില്‍ ബഹ്ര്‍ അബൂസകീനയിലെ ആലുഖതാരിശ് ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. 15 മീറ്റര്‍ നാളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ ടാങ്ക് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. 

പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‍തിരുന്നു. നിര്‍മാണത്തിലിരുന്ന ടാങ്കിലും മഴയില്‍ വെള്ളം കയറി. ആറ് മീറ്റര്‍ ആഴമുണ്ടായിരുന്ന ടാങ്കില്‍ ഒരു മീറ്ററോളം വെള്ളം നിറഞ്ഞു. ഈ വെള്ളം പമ്പ് ചെയ്‍ത് കളയാനായി ഡീസലില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ടാങ്കിനുള്ളിലേക്ക് ഇറക്കുകയായിരുന്നു. 15 വയസുകാരനായ അലി എന്ന ബാലനാണ് ആദ്യം ടാങ്കിലേക്ക് ഇറങ്ങിയത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതോടെ പുക നിറഞ്ഞ് ശ്വാസം മുട്ടി, അലിക്ക് ടാങ്കില്‍ നിന്ന് തിരിച്ച് കയറാന്‍ സാധിച്ചില്ല. ഇതോടെ അലിയുടെ പിതാവ് ഹസനും (55) ടാങ്കിലേക്ക് ഇറങ്ങി. എന്നാല്‍ അദ്ദേഹത്തിനും ശ്വാസതടസം അനുഭവപ്പെട്ടതോടെ തിരികെ കയറാനായില്ല.

ഇവരെ രക്ഷിക്കാനായാണ് ബന്ധുക്കളായ ഹമദ് (17), ഹാദി (19) എന്നിവര്‍ ടാങ്കിലേക്ക് ഇറങ്ങിയത്. ഇവരും ടാങ്കിനുള്ളില്‍ അകപ്പെട്ടതോടെ അലി ഹാദി എന്ന 70 വയസുകാരനും ടാങ്കിലേക്ക് ഇറങ്ങി. ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ ബഹളംവെച്ച് അയല്‍വാസികളെ വിളിച്ചുകൂട്ടി. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും നാല് പേര്‍ മരണപ്പെട്ടിരുന്നു. രക്ഷപ്പെട്ട ഹാദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകട നില തരണം ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read also: പതിനായിരത്തിലധികം പ്രവാസി എഞ്ചിനീയര്‍മാരുടെ ഭാവി തുലാസില്‍; എംബസി ഇടപെടണമെന്ന് ആവശ്യം

Follow Us:
Download App:
  • android
  • ios