വലിയ തോതിൽ ഹാഷിഷ് കടത്തിയ രണ്ട് പേര്‍ക്ക് സൗദിയില്‍ വധശിക്ഷ. 

റിയാദ്: സൗദി അറേബ്യയിലേക്ക് വലിയ തോതിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് പ്രവാസികളെ വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നജ്റാൻ ഗവർണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പാക്കിയത്. സോമാലിയക്കാരായ മുഹമ്മദ് മുഹമ്മദ് ഇബ്രാഹീം അബ്ദുല്ല, ഹംസ ഹസ്സൻ ഉമർ ജമാൽ എന്നിവർക്കാണ് വധശിക്ഷ.

രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കീഴ് കോടതി വധശിക്ഷ വിധിച്ച ഈ കേസ് പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. ഒരാഴ്ച മുൻപ് സമാനമായ കേസിൽ മറ്റ് രണ്ട് സോമാലിയൻ സ്വദേശികളുടെ വധശിക്ഷയും സൗദി അറേബ്യ നടപ്പാക്കിയിരുന്നു. 

രാജ്യത്തേക്ക് ലഹരി എത്തിക്കുന്നവർക്കും, വിൽപ്പന നടത്തുന്നവർക്കും, ഉപയോഗിക്കുന്നവർക്കുമുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ ശിക്ഷാ നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലഹരിയുടെ വിപത്തിൽ നിന്ന് രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും സുരക്ഷിതമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, ഇത്തരം കേസുകളിലെ പ്രതികൾക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ ഉറപ്പ് വരുത്തുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

YouTube video player