ദില്ലിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങൾ 24 മണിക്കൂറിലേറെ വൈകിയതിനെ തുടർന്ന് ഇരുന്നൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. കൃത്യമായ വിവരങ്ങളോ സൗകര്യങ്ങളോ ലഭിക്കാത്തതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. സാങ്കേതിക തകരാറാണ് കാരണമെന്ന് സ്പൈസ്ജെറ്റ് അറിയിക്കുകയും ബദൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.
ദില്ലി: ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട രണ്ട് സ്പൈസ്ജെറ്റ് വിമാനങ്ങൾ വൈകിയത് 24 മണിക്കൂറിലേറെ. വിമാനങ്ങൾ വൈകിയതിനെ തുടർന്ന് ടെർമിനൽ 3-ൽ ഇരുനൂറോളം യാത്രക്കാർ പ്രതിഷേധിച്ചു. വിമാനങ്ങൾ പുറപ്പെടുന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതാണ് യാത്രക്കാരുടെ കടുത്ത അമർഷത്തിന് കാരണമായത്. എസ് ജി 5111, എസ് ജി 5105 എന്നീ സർവീസുകളെയാണ് സർവീസ് തടസ്സം ബാധിച്ചത്.
തിങ്കളാഴ്ച രാവിലെ 7:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെ 9-ലേക്കാണ് മാറ്റിയത്. പിന്നീട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ലേക്ക് മാറ്റുകയും, പിന്നീട് ബുധനാഴ്ച പുലർച്ചെ 1 മണിയിലേക്ക് വീണ്ടും സമയക്രമം മാറ്റുകയും ചെയ്തതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.
കൃത്യമായ സമയവിവരങ്ങളോ ഭക്ഷണമോ താമസസൗകര്യമോ ലഭ്യമാക്കിയില്ലെന്ന് യാത്രക്കാർ ആരോപിച്ചു. പ്രതിഷേധത്തിന്‍റെ സമയത്ത് സംശയങ്ങൾ തീർക്കാൻ സ്പൈസ്ജെറ്റ് ജീവനക്കാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. തുടർന്ന് വിമാനത്താവള അധികൃതരെത്തിയാണ് യാത്രക്കാർക്ക് ഭക്ഷണവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയത്. ടെർമിനലിന്റെ തറയിലിരുന്ന് പ്രതിഷേധിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം താൽക്കാലികമായി നിലത്തിറക്കേണ്ടി വന്നതാണ് സർവീസുകളെ ബാധിച്ചതെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും ബാധിക്കപ്പെട്ട യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ബദൽ വിമാനങ്ങൾ ക്രമീകരിച്ചു വരികയാണെന്നും സ്പൈസ്ജെറ്റ് വക്താവ് അറിയിച്ചു. വിമാനത്താവള അധികൃതർ വിഷയം സ്പൈസ്ജെറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്.


