പൊലീസ് റിപ്പോര്‍ട്ടും ഇന്‍സ്‌പെക്ഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്. മരിച്ച സ്ത്രീ ഇന്‍ഷുര്‍ ചെയ്തിട്ടുമുണ്ടായിരുന്നു.

അബുദാബി: വാഹനാപകടത്തില്‍ മാതാവിനെ നഷ്ടമായ രണ്ടു വയസ്സുകാരന് പെന്‍ഷന്‍ അനുവദിച്ച് യുഎഇ അധികൃതര്‍. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് സ്ത്രീ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഇത് ജോലിക്കിടെയുണ്ടായ അപകടമായി കണക്കാക്കിയാണ് മകന് പെന്‍ഷന്‍ അനുവദിക്കാന്‍ ജനറല്‍ പെന്‍ഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി തീരുമാനമെടുത്തത്.

ഈ സ്ത്രീ ജോലിക്ക് പോയിരുന്നതായും തിരികെ മടങ്ങിയെന്നും വ്യക്തമാക്കിയ ഇന്‍സ്‌പെക്ഷന്‍ വകുപ്പ്, അപകടം ഉണ്ടായ സമയവും മറ്റും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി പ്രദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് റിപ്പോര്‍ട്ടും ഇന്‍സ്‌പെക്ഷന്‍ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായത്. മരിച്ച സ്ത്രീ ഇന്‍ഷുര്‍ ചെയ്തിട്ടുമുണ്ടായിരുന്നു. ഇതോടെ ജോലിക്കിടെയുണ്ടായ അപകടമായി പരിഗണിച്ച് രണ്ടു വയസ്സുകാരനായ മകന് ഇതിന്റെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു.

പെന്‍ഷന്‍ നിയമം അനുസരിച്ച്, കുട്ടിക്ക് 21 വയസ്സാകുന്നത് വരെ പെന്‍ഷന്‍ തുക ആദ്യ മൂന്ന് ഘടുക്കളായി നല്‍കും. പിന്നീടും പഠനം തുടരുകയാണെങ്കില്‍ പെന്‍ഷന്‍ തുടര്‍ന്നും നല്‍കും. പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയാലോ കുട്ടിക്ക് 28 വയസ്സ് തികഞ്ഞാലോ പെന്‍ഷന്‍ തുക നല്‍കുന്നത് നിര്‍ത്തും. ജോലിക്കിടെയുണ്ടായ അപകടമായതിനാല്‍, ഫെഡറല്‍ പെന്‍ഷന്‍ നിയമപ്രകാരം ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ അവകാശികള്‍ക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona