ഫുജൈറയിൽ സ്വിമ്മിങ് പൂളിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. നീന്തൽക്കുളത്തിൽ വീണ് എമിറാത്തി ബാലനാണ് മുങ്ങി മരിച്ചത്. ഒരു കുടുംബ സംഗമത്തിനിടെയാണ് ഹൃദയഭേദകമായ ദുരന്തം സംഭവിച്ചത്.

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ നീന്തൽക്കുളത്തിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. ദിബ്ബ അൽ ഫുജൈറയിലെ ഒരു സ്വകാര്യ ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നീന്തൽക്കുളത്തിൽ വീണ് എമിറാത്തി ബാലനാണ് മുങ്ങി മരിച്ചത്. ഒരു കുടുംബ സംഗമത്തിനിടെയാണ് ഹൃദയഭേദകമായ ദുരന്തം സംഭവിച്ചത്.

ഓരോ വെള്ളിയാഴ്ചയും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് സമയം ചെലവഴിക്കുന്നതിൻറെ ഭാഗമായി സ്ഥിരമായി വാരാന്ത്യ ഒത്തുചേരൽ നടത്തി വരാറുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. നീന്തൽക്കുളത്തിനടുത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു.

കുടുംബം എല്ലാ സുരക്ഷാ മുൻകരുതലുകളും കർശനമായി പാലിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. നീന്തൽക്കുളമുള്ള പ്രദേശം എപ്പോഴും പൂട്ടിക്കിടക്കാറുണ്ട്. കുട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത രീതിയിലാണ് ഗേറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കുട്ടിയുടെ അമ്മാവൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു. ദുരന്തം നടന്ന ദിവസം മുതിർന്നവരിൽ ഒരാൾ സാധനം എടുക്കാനായി അകത്ത് കയറിയ ശേഷം വാതിൽ ചെറുതായി തുറന്നിട്ടു. ആ സമയം ലൈറ്റുകൾ ഓഫായിരുന്നു, ആരും ശ്രദ്ധിക്കാതെ കുട്ടി അകത്തേക്ക് കടന്നുപോയതാകണമെന്നും അദ്ദേഹം പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ദിബ്ബ അൽ ഫുജൈറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല.