ഷാര്‍ജ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നുവീണ് രണ്ടുവയസുകാരി മരിച്ചു. ഷാര്‍ജയിലെ അല്‍ മജാസ് - 2ലാണ് സംഭവം. രക്ഷിതാക്കളുടെ അശ്രദ്ധയാണ് അപകട കാരണമായതെന്നാണ് പൊലീസിന്റെ അനുമാനം.

കഴിഞ്ഞ‌ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നാണ് സംഭവം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. അല്‍ ബുഹൈറ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം മൂന്ന് മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി. കെട്ടിടത്തിന് താഴെ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന കുട്ടിയെ ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കുകള്‍ അതിജീവിക്കാനാവാതെ  കുഞ്ഞ് മരണത്തിന് കീഴങ്ങുകയായിരുന്നു.

വിശദമായ അന്വേഷണത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, തുറന്നുകിടന്ന ജനലിനരികില്‍ കുട്ടി എത്തുകയും അവിടെനിന്ന് താഴേക്ക് വീഴുകയുമായിരുന്നുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാധി ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി കുട്ടിയുടെ കുടുംബാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.