അബുദാബി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തീരെയില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ച് യുഎഇ. 2019ലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സില്‍ 163 രാജ്യങ്ങളില്‍ യുഎഇക്ക് 130-ാം സ്ഥാനമാണുള്ളത്. ഓരോ രാജ്യങ്ങളിലുമുണ്ടായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, ആക്രമണങ്ങള്‍, മരണങ്ങള്‍, മറ്റ് നാശനഷ്ടങ്ങള്‍ തുടങ്ങിയയെല്ലാം കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്റ് പീസ് യൂറോപ് ആന്റ് മിന റീജ്യന്‍ ഡയറക്ടര്‍ സെര്‍ജ് സ്ട്രൂബന്റ്സ് പറഞ്ഞു.

പട്ടികയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിലാണ് യുഎഇയിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിനിടെ തീവ്രവാദ സ്വഭാവമുള്ള രണ്ട് സംഭവങ്ങള്‍ മാത്രമാണ് യുഎഇയില്‍ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010ലും 2014ലുമായിരുന്നു അവ. രണ്ട് സംഭവങ്ങളിലും ആളപയാമുണ്ടായില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ അഫ്‍ഗാനിസ്ഥാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മദ്ധ്യപൂര്‍വദേശത്തുനിന്ന് ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആഘാതങ്ങള്‍ ഏറ്റവുമധികം അനുഭവിക്കുന്ന രാജ്യങ്ങള്‍ അഫ്‍ഗാനിസ്ഥാന്‍, ഇറാഖ്, നൈജീരിയ, സിറിയ, പാകിസ്ഥാന്‍,  സൊമാലിയ, ഇന്ത്യ, യെമന്‍, ഫിലിപ്പൈന്‍സ്,  കോംഗോ എന്നിവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.