അബുദാബി: യുഎഇ-ഇസ്രയേല്‍ കരാറിന്റെ ഭാഗമായി യുഎഇ ഭക്ഷ്യ-ജല സുരക്ഷ സഹമന്ത്രി മറിയം അൽ മെയിരിയും ഇസ്രായേലിന്റെ കൃഷി, ഗ്രാമവികസന മന്ത്രി അലോൺ ഷസ്റ്ററും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി. സമാധാന ഉടമ്പടിയുടെ ഫലമായി ഇരു രാജ്യങ്ങൾക്കും മുന്നിലുള്ള വലിയ അവസരങ്ങൾ യോഗത്തിൽ ഇരുപക്ഷവും പ്രതിപാദിച്ചു. 

പശ്ചിമേഷ്യയിലെ സമാധാനത്തിനും സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും പിന്തുണ നല്‍കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎഇയും ഇസ്രായേലും വലിയ പ്രാധ്യാന്യം കല്‍പ്പിക്കുന്ന ഭക്ഷ്യ-ജല സുരക്ഷ, റിസര്‍ച്ച് ആന്റ് ഡെവലപ്‍മെന്റ്, അക്വാകൾച്ചർ, അഗ്രിടെക് എന്നിങ്ങനെയുള്ള മേഖലകളില്‍ സഹകരിക്കുമെന്ന് രണ്ട് മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി.  രണ്ട് മന്ത്രാലയങ്ങളും ഇനി ഒരു നേരിട്ടുള്ള ചാനൽ തുറന്ന് സഹകരണത്തിന്റെ പദ്ധതി തയ്യാറാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു.