അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസുമായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റര്‍ ഇത് സംബന്ധിച്ച കരാറിലെത്തി.
ദുബൈ: ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള യുഎഇയുടെ രണ്ടാമത്തെ ദൗത്യമായ റാഷിദ് റോവര്‍ 2 അടുത്ത വര്‍ഷം വിക്ഷേപിക്കുമെന്ന് ദുബൈ കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. ഇതിനായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്റോസ്പേസുമായി യുഎഇയുടെ ബഹിരാകാശ കേന്ദ്രമായ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ കരാറിലെത്തി.
ചന്ദ്രന്റെ മറുവശത്ത് ലാൻഡിങ് ശ്രമം നടത്തുന്ന ചരിത്രത്തിലെ രണ്ടാമത്തെ രാജ്യമായി യുഎഇയെ മാറ്റുന്നതും ബഹിരാകാശ പര്യവേക്ഷണത്തിൽ രാജ്യത്തെ മുൻപന്തിയിൽ നിർത്തുന്നതുമാണ് ദൗത്യമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി. കരാർ അനുസരിച്ച് ഫയർഫ്ലൈ എയ്റോസ്പേസിന്റെ ബ്ലൂ ഗോസ്റ്റ് ലാൻഡറിൽ റാഷിദ് -2 റോവർ ചന്ദ്രന്റെ മറുവശത്തേക്ക് വിക്ഷേപിക്കും. ഫയർഫ്ലൈ എയ്റോസ്പേസിന്റെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷൻ 2ൽ ഓസ്ട്രേലിയ, യൂറോപ്യൻ സ്പേസ് ഏജൻസി (ഇ.എസ്.എ), നാസ എന്നിവയിൽ നിന്നുള്ള ദൗത്യങ്ങൾക്കൊപ്പമാണ് യുഎഇയുടെ സ്വപ്നപദ്ധതിയും ചന്ദ്രനിലേക്ക് കുതിക്കുന്നത്. റാഷിദ് -2 റോവർ ചന്ദ്രന്റെ പ്ലാസ്മ പരിസ്ഥിതി, ഭൂമിശാസ്ത്രം, താപ സാഹചര്യങ്ങൾ എന്നിവ പഠിക്കും.


