യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ പുതുവത്സര അവധി പ്രഖ്യാപിച്ചു. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖല ജീവനക്കാർക്ക് പുതുവത്സരത്തോടനുബന്ധിച്ച് ശമ്പളത്തോടു കൂടിയ പൊതു അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം.
അബുദാബി: പുതുവര്‍ഷത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോടു കൂടിയ പൊതു അവധിയാണ് പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് വ്യാഴാഴ്ച സ്വകാര്യ മേഖല ജീവനക്കാർക്ക് പുതുവത്സരത്തോടനുബന്ധിച്ച് ശമ്പളത്തോടു കൂടിയ പൊതു അവധി ലഭിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
പൊതു-സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികളെക്കുറിച്ചുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് മന്ത്രാലയത്തിന്‍റെ ഈ സർക്കുലർ. ഫെഡറൽ സർക്കാർ ജീവനക്കാർക്കും ജനുവരി 1 വ്യാഴാഴ്ച ശമ്പളത്തോടു കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പുതുവത്സര ദിനത്തിന് ശേഷം, ജനുവരി 2 വെള്ളിയാഴ്ച ഫെഡറൽ സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് ദിനമായിരിക്കും. ഇത് ജീവനക്കാർക്ക് തൊഴിൽ പ്രതിബദ്ധതകൾക്കൊപ്പം കുടുംബത്തിനായി സമയം കണ്ടെത്താൻ അവസരം നൽകും. എങ്കിലും, ജോലിസ്ഥലത്ത് നേരിട്ട് ഹാജരാകേണ്ട ജോലികളുള്ള ജീവനക്കാർ പതിവുപോലെ ജോലിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പുതുവർഷ ദിനത്തോടനുബന്ധിച്ച് ഗംഭീര വെടിക്കെട്ടും ആഘോഷങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. റാസ് അൽ ഖൈമയിൽ 2300ലധികം ഡ്രോണുകൾ ഉപയോഗിച്ച് 15 മിനിട്ടിലധികം നീളുന്ന ഗിന്നസ് പ്രകടനമാണ് ഉദ്ദേശിക്കുന്നത്. തീരമുടനീളം വെടിക്കെട്ടും ഡ്രോൺ ഷോയും കൊണ്ട് നിറയും. ദുബൈയിലും വെടിക്കെട്ട്, ഡ്രോൺ ഷോ, ബീച്ച് പാർട്ടികൾ, എന്നിവ നടക്കും. ഗ്ലോബൽ വില്ലേജ്, അറ്റ്ലാൻഡിസ് ദി പാം, ബ്ലൂവാട്ടേഴ്സ് എന്നിവിടങ്ങളിൽ ആഘോഷങ്ങൾ നടക്കും. അബുദാബിയിൽ ശൈഖ് സായിദ് ഫെസ്റ്റിവലിൽ വൻ ആഘോഷങ്ങൾ നടക്കും. അൽ വത്‍ബയിൽ 62 മിനുട്ട് നീളുന്ന വെടിക്കെട്ട് നടക്കും. ലോകത്തെ ഏറ്റവും വലിയ ഡ്രോൺ പെർഫോമൻസ് നടക്കും.

