രാജ്യത്തെ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തീയറ്ററുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം.

അബുദാബി: യുഎഇയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് കമ്മിറ്റി. ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും, ഭക്ഷണശാലകളിലും ഉള്‍പ്പെടെ ഇനി കൂടുതല്‍ പേര്‍ക്ക് പ്രവേശിക്കാനാവും.

രാജ്യത്തെ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, സിനിമാ തീയറ്ററുകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ ആകെ ശേഷിയുടെ 80 ശതമാനം പേരെ പ്രവേശിപ്പിക്കാം. റസ്റ്റോറന്റുകളിലും കഫേകളിലും ഒരു ടേബിളില്‍ ഇരിക്കാവുന്നവരുടെ പരമാവധി എണ്ണം 10 ആക്കി. എന്നാല്‍ റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒഴികെ മറ്റ് സമയങ്ങളില്‍ മാസ്‍ക് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പരിപാടികളില്‍ ആകെ ശേഷിയുടെ 60 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം. ഇവിടെയും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. പരിപാടികളിലും പ്രദര്‍ശനങ്ങളിലും രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിവാഹ ഹാളുകളിലും ആകെ ശേഷിയുടെ 60 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാം. എന്നാല്‍ ആകെ അതിഥികളുടെ എണ്ണം 300ല്‍ കവിയാന്‍ പാടില്ല.