യുഎഇയിലെ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നതിന് വാർഷിക ഫീസ് ഏർപ്പെടുത്തി. റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവയ്ക്ക് സ്ഥാപനത്തിൻ്റെ വലുപ്പമനുസരിച്ച് വ്യത്യസ്ത നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 1 മുതൽ ഈ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

അബുദാബി: വാണിജ്യാടിസ്ഥാനത്തിൽ യുഎഇയിലെ സ്ഥാപനങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നതിനുള്ള വാർഷിക ഫീസ് പ്രഖ്യാപിച്ചു. ഓരോ സ്ഥാപനങ്ങൾക്കും ഓരോ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു വർഷത്തേക്ക്, അൻപതിനായിരം ദിർഹം വരെയാണ് വലിയ ഷോപ്പിംഗ് മാളുകൾ അടക്കേണ്ടി വരിക. റേ‍ഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ വാർഷിക വരുമാനത്തിന്‍റെ ഒരു ശതമാനം അടയക്കണം.

50 സീറ്റുകൾ വരെയുള്ള റെസ്റ്റോറന്‍റുകളിൽ പാട്ട് കേൾപ്പിക്കണമെങ്കിൽ വർഷം 1500 ദിർഹം ഫീസായി നൽകണം. നൂറു വരെ സീറ്റുകളുണ്ടെങ്കിൽ 2500 ദിർഹമാകും. 200 വരെ സീറ്റിം​ഗ് കപ്പാസിറ്റിയുള്ളവർ 4,800 ദിർഹവും ഇതിൽ കൂടുതൽ സീറ്റുള്ളവർ സീറ്റൊന്നിന് 20 ദിർഹവും നൽകണം. എന്നാൽ ആകെ തുക 6000 ദിർഹത്തിൽ അധികമാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 50 പേർ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്ക് 2500 ഉം, നൂറു പേർ വരെയാണെങ്കിൽ 3500 ദിർഹവുമാണ് ഫീസ്. നൂറിലധികം പേർ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്ക് 6500 ദിർഹം നൽകണം. റീടെയ്ൽ ഷോപ്പുകൾക്കും ഷോപ്പിം​ഗ് മാളുകൾക്കും ചതുരശ്ര മീറ്റർ അനുസരിച്ചാണ് ഫീസ് ഈടാക്കുക. 300 ചതുരശ്ര മീറ്ററുള്ള റീട്ടെയ്ൽ ഷോപ്പിന് 1700 ദിർഹവും 301 മുതൽ 700 ചതുരശ്ര മീറ്റർ വരെയുള്ളതിന് 3400 ദിർഹവും ആണ് ഫീസ്.

ഷോപ്പിംഗ് മാളുകൾക്ക് പരമാധി 50,000 ദിർഹമാണ് നിരക്ക്. സ്റ്റാർ റേറ്റിം​ഗും മുറികളുടെ എണ്ണവും അനുസരിച്ചാണ് ഹോട്ടലുകളിൽ പാട്ടുകേൾപിക്കാൻ പണം നൽകേണ്ടത്. 50 മുറികൾ വരെയുള്ള ഹോട്ടലുകൾ മുറിയൊന്നിന് 50 ​ദിർഹവും 100 മുറികൾ വരെയുള്ളതിന് 5000 ദിർഹവും നൽകണം. 100ലധികം മുറികളുണ്ടെങ്കിൽ 8000 ദിർഹമാണ് ഈടാക്കുക. സ്റ്റാർ ഹോട്ടലുകൾക്ക് ഇതിനെക്കാൾ ഉയർന്ന നിരക്ക് നൽകണം. ഡിസംബർ 1 മുതലാണ് പാട്ടിന് ഫീസ് ഈടാക്കുക.