അബുദാബി: യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തി. ഹസ്സയ്ക്കൊപ്പം ബഹിരാകാശ യാത്ര നടത്തിയ ജെസീക്ക മീര്‍ അബുദാബിയുടെ മനോഹരമായ രാത്രി ദൃശ്യം പകര്‍ത്തി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. 

അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ യുഎഇയിക്ക് മുകളിലൂടെ കടന്നുപോയപ്പോഴാണ് ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രം വെള്ളിയാഴ്ച 3.40ന് ജെസീക്ക ട്വീറ്റ് ചെയ്തത്. ജെസീക്ക മിറും ഹസ്സ അല്‍ മന്‍സൂരിയും ഒരുമിച്ചാണ് കസാഖിസ്ഥാനില്‍ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്. റഷന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോഷ്കയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. 

എട്ട് ദിവസത്തിന് ശേഷം ദൗത്യം പൂര്‍ത്തിയാക്കി ഹസ്സ അല്‍ മന്‍സൂരി മടങ്ങിയെത്തി. ഇപ്പോഴും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ തന്നെ തുടരുന്ന ജെസീക്ക മിര്‍ അടുത്ത വര്‍ഷമേ മടങ്ങിയെത്തൂ. മനോഹരമായ ചിത്രത്തിന് ജെസീക്കയ്ക്ക് നന്ദി പറഞ്ഞ ഹസ്സ അല്‍ മന്‍സൂരി, അന്താരാഷ്ട്ര ബഹിരാകാശ നിലയില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അറിയിച്ചു.