അബുദാബി: താന്‍ മറ്റൊരാള്‍ക്ക് നല്‍കിയ ചെക്കിന്മേല്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിന് ബാങ്കില്‍ നിന്ന് നഷ്ടപരിഹാരം തേടി യുഎഇയിലെ വ്യാപാരി. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും പകരമായി യുഎഇയിലെ ബാങ്ക് ആറ് കോടി ദിര്‍ഹം (114 കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് ആവശ്യം. ഒരു കോടി ദിര്‍ഹത്തിന്റെ ചെക്കാണ് ഇയാള്‍ നല്‍കിയിരുന്നത്.

അബുദാബിയില്‍ 2.4 കോടി ദിര്‍ഹത്തിന് സ്ഥലം വാങ്ങാന്‍ തീരുമാനിച്ച വ്യവസായി ഇതിന്റെ ആദ്യഗഡുവായാണ് സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു കോടിയുടെ ചെക്ക് നല്‍കിയത്. സ്ഥലമുടമ ഈ ചെക്ക് ബാങ്കില്‍ ഹാജരാക്കിയെങ്കിലും പണം നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. ചെക്കിലുള്ള ഒപ്പും ബാങ്ക് രേഖകളിലുള്ള ഒപ്പും വ്യത്യസ്ഥമാണെന്ന് പറ‌ഞ്ഞാണ് ബാങ്ക് ഇയാളെ മടക്കി അയച്ചത്. വിവരമറിയിച്ചപ്പോള്‍ വ്യവസായി നേരിട്ട് ചെക്കുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണം നല്‍കാനാവില്ലെന്നായിരുന്നു മറുപടി.

ഇതോടെ തനിക്ക് വ്യാജ ചെക്ക് നല്‍കിയെന്നാരോപിച്ച് സ്ഥലമുടമ ക്രിമിനല്‍ കേസ് നല്‍കി. എന്നാല്‍ ചെക്കിലേയും ബാങ്ക് രേഖകളിലെയും ഒപ്പുകള്‍ പരിശോധിച്ച കോടതി, അവ രണ്ടും സമാനമാണെന്ന് കണ്ടെത്തി. അക്കൗണ്ടില്‍ ആവശ്യത്തിന് പണവും ഉണ്ടായിരുന്നെന്ന് വ്യക്തമായതോടെ സ്ഥലമുടമയുടെ കേസ് കോടതി തള്ളി. ഒപ്പ് ശരിയായിരുന്നിട്ടും പണം നല്‍കാത്ത ബാങ്കിനെതിരെ വ്യാപാരി നിയമനടപടി തുടങ്ങി. തനിക്കുണ്ടായ മാനഹാനിക്കും നഷ്ടങ്ങള്‍ക്കും പകരമായി വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് നല്‍കിയത്. സ്ഥലം വാങ്ങി അവിടെ കെട്ടിടം നിര്‍മിക്കാന്‍ താന്‍ തന്റെ മറ്റ് പല ആസ്തികളും ചെറിയ വിലയ്ക്ക് വിറ്റുവെന്നും എന്നാല്‍ ബാങ്കിന്റെ സമീപനം കാരണം സ്ഥലം വാങ്ങാന്‍ കഴിയാതെ വന്നതോടെ ഇവയെല്ലാം നഷ്ടത്തിലായെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസ് ആദ്യം പരിഗണിച്ച പ്രാഥമിക കോടതിയും പിന്നീട് പരിഗണിച്ച അപ്പീല്‍ കോടതിയും ബാങ്ക് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു. എന്നാല്‍ ഈ തുക പോരെന്നും തനിക്ക് ആറ് കോടി ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇപ്പോള്‍ അബുദാബി പരമോന്നത കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍ വ്യവസായി.