യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം. ഏകദേശം 92.4 ബില്യൺ ദിർഹം (9240 കോടി ദിർഹം) ആണ് ഈ ബജറ്റിൽ വകയിരുത്തിയിട്ടുള്ള പ്രതീക്ഷിത വരുമാനം.
ദുബൈ: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫെഡറൽ ബജറ്റിന് മന്ത്രിസഭ അംഗീകാരം നൽകി. 2026ലെ വാർഷിക ബജറ്റിനാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്. ഏകദേശം 92.4 ബില്യൺ ദിർഹം (9240 കോടി ദിർഹം) ആണ് ഈ ബജറ്റിൽ വകയിരുത്തിയിട്ടുള്ള പ്രതീക്ഷിത വരുമാനം. ഇതിന് തുല്യമായ ചിലവുകളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ഫെഡറൽ ബജറ്റ്, യുഎഇ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ബജറ്റാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനം, ചിലവുകൾ എന്നിവയിൽ 29 ശതമാനം വളർച്ചയാണ് അടുത്ത വർഷത്തെ ബജറ്റ് രേഖപ്പെടുത്തുന്നത്. സാമ്പത്തിക, സഹകരണ മേഖലകളുമായി ബന്ധപ്പെട്ട 35 അന്താരാഷ്ട്ര ഉടമ്പടികൾക്കും ധാരണാപത്രങ്ങൾക്കും കാബിനറ്റ് അംഗീകാരം നൽകി. പ്രധാന മേഖലകളിലെ ബജറ്റ് വിഹിതം ഫെഡറൽ ബജറ്റ് പ്രധാനമായും വിവിധ മേഖലകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.
മേഖല, വിഹിതം (ദിർഹം), ശതമാനം
- സാമൂഹിക വികസനം, പെൻഷൻ- 34.6 ബില്യൺ ദിർഹം (37%)
- സർക്കാർ കാര്യങ്ങൾ- 27.1 ബില്യൺ ദിര്‍ഹം (29%)
- സാമ്പത്തിക നിക്ഷേപങ്ങൾ 15.4 ബില്യൺ ദിര്‍ഹം (17%)
- ഫെഡറൽ ചെലവുകൾ 12.7 ബില്യൺ ദിര്‍ഹം (14%)
- അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക വികസനം 2.6 ബില്യൺ ദിര്‍ഹം (3%)
ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്താനും സന്തുലിതവും സുസ്ഥിരവുമായ വികസനത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത ഉറപ്പിക്കാനും ഈ ബജറ്റ് ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. 2024ൽ യുഎഇയുടെ മൊത്തം വിദേശ നിക്ഷേപം 1.05 ട്രില്യൻ ദിർഹം (ഏകദേശം 1.05 ലക്ഷം കോടി ദിർഹം) ആയി ഉയർന്നു. മുൻ വർഷത്തേക്കാൾ 9 ശതമാനം വളർച്ചയാണിത്. നേരിട്ടുള്ള വിദേശ നിക്ഷേപം കയറ്റുമതി ചെയ്യുന്നതിൽ യുഎഇ അറബ് ലോകത്ത് ഒന്നാമതും ആഗോളതലത്തിൽ ആദ്യ 20 രാജ്യങ്ങളിലും സ്ഥാനം നേടി. 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ യുഎഇയുടെ കയറ്റുമതി 103 ശതമാനം വർധിച്ച് ഏകദേശം 470 ബില്യൻ ദിർഹമിൽ നിന്ന് 950 ബില്യൻ ദിർഹമായി ഉയർന്നു.


