ദുബായ്: വാട്സ്ആപ് വഴി വ്യാജ സന്ദേശങ്ങള്‍ അയച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ കേന്ദ്രബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അതിനോട് പ്രതികരിക്കരുതെന്നും ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ബാങ്കുകളുടെ പേരില്‍ വാട്സ്ആപില്‍ ലഭിക്കുന്ന സന്ദേശങ്ങളിലുള്ള ലിങ്കുകള്‍ തുറക്കരുത്. ഇവ നിങ്ങളെ വ്യാജ വെബ്സൈറ്റുകളിലേക്കാവും എത്തിക്കുന്നത്. യുഎഇ കേന്ദ്രബാങ്ക് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ബന്ധപ്പെടുകയില്ല. അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാതെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.