ഷാര്‍ജ: ഭാര്യയും ഭാര്യയുടെ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ പ്രവാസിയുടെ കുടുംബത്തോട് ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. കേസിലെ പ്രതികള്‍ക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കണോ അല്ലെങ്കില്‍ ബ്ലഡ് മണി സ്വീകരിക്കാന്‍ സന്നദ്ധരാണോ എന്ന് നേരിട്ട് അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം.

2010ലാണ് കേസിന് ആസ്‍പദമായ സംഭവം. ഏഷ്യക്കാരനായ പ്രവാസിയെ കൊന്നശേഷം ഭാര്യയും കാമുകനും ചേര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി ഇന്‍ഡസ്ട്രിയല്‍ ഏരിയ-1ല്‍ ഉപേക്ഷിക്കുകയായിരുന്നു. ചവറ്റുകുട്ടയില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ട, ഷാര്‍ജ മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ശരീരഭാഗങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് 42കാരിയായ ഭാര്യയും കാമുകനും അറസ്റ്റിലായത്.

കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഇവരുടെ വീട്ടില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. സംഭവദിവസം സ്ത്രീയുടെ ഭര്‍ത്താവ് ഇരുവരെയും കൈയോടെ പിടികൂടിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുന്നതിനുവേണ്ടി ചെറിയ കഷണങ്ങളാക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ അബായ ധരിച്ചാണ് കാമുകന്‍ സ്ഥിരമായി വീട്ടിലെത്തിയിരുന്നതെന്ന് കൊല്ലപ്പെട്ടയാളുടെ ഭാര്യ പറഞ്ഞു.

കേസില്‍ നേരത്തെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ഇരുവര്‍ക്കും വധശിക്ഷയാണ് വിധിച്ചത്.  ഇതിന് ശേഷമാണ് ഇപ്പോള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് തങ്ങളുടെ രാജ്യത്തുനിന്ന് അടുത്തമാസം യുഎഇയിലെത്താനും കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചിരിക്കുന്നത്. ബ്ലഡ് മണി സ്വീകരിക്കാന്‍ തയ്യാറാണോ എന്നും അല്ലെങ്കില്‍ വധശിക്ഷ നടപ്പാക്കാനുള്ള നടപടികളുമായി കോടതി മുന്നോട്ട് പോകട്ടേയെന്നും ഇവരോട് അന്വേഷിക്കാനാണ് ഇത്തരമൊരു നടപടി.