ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

ഷാര്‍ജ: യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. തിങ്കളാഴ്ച യു.കെയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് ഷാര്‍ജ രാജകൊട്ടാരത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരിയുടെ മകന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ചുകൊണ്ട് യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിനും പ്രസിഡന്റ് ഉത്തരവിട്ടു. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും.

നേരത്തെ ഷാര്‍ജ എമിറേറ്റില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കുന്ന ദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരുന്നു ഷാര്‍ജയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നത്. മൃതദേഹം എത്തിക്കുന്ന തീയ്യതിയും മരണാന്തര പ്രാര്‍ത്ഥനകളുടെ സമയവും പിന്നീട് അറിയിക്കും.