Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കൊറോണ വൈറസ്; സന്നാഹങ്ങളൊരുക്കി ആരോഗ്യ മന്ത്രാലയം, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം

നിയോ വൈറസ് ബാധയുടെ ലക്ഷണങ്ങളോ ഉള്ള ആളുകള്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി

UAE doctors well equipped to handle emergencies in the wake of coronavirus outbreak
Author
Abu Dhabi - United Arab Emirates, First Published Jan 29, 2020, 1:41 PM IST

ദുബായ്: ബുധനാഴ്ച രാവിലെയാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് യുഎഇയിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

രോഗം ബാധിച്ചവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎഇ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പറയുന്നു. അതേസമയം ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സര്‍വസന്നാഹങ്ങളും രാജ്യത്ത് സജ്ജമാണെന്നാണ് ദുബായിലെ ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ബാധിക്കുന്നവരെ പരിചരിക്കാനുള്ള സംവിധാനങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ സജ്ജമാക്കുകയും ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ വുഹാനില്‍ രൂപംകൊണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലായി ഇതുവരെ 6000 പേര്‍ക്ക് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 132 പേര്‍ മരണപ്പെടുകയും ചെയ്തു.

Read More: യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

യുഎഇയില്‍ പനി സീസണ്‍ കൂടി ആയതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ യുഎഇ ഹെല്‍ത്ത് അതോരിറ്റി ഇതിനോടകം നല്‍കിയിട്ടുണ്ട്. പനിയോ വൈറസ് ബാധയുടെ ലക്ഷണങ്ങളോ ഉള്ള ആളുകള്‍ ചികിത്സ തേടുമ്പോള്‍ പ്രത്യേക പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുള്ളതായി മന്‍ഖൂല്‍ ആസ്റ്റര്‍ ഹോസ്‍പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റ് ഡോ. ജ്യോതി ഉപാധ്യായ് പറഞ്ഞു.

രോഗിയുടെ യാത്രാ വിവരങ്ങളാണ് ആദ്യം ചോദിച്ചറിയുന്നത്. കൊറോണ വൈറസ് സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യത്തേക്ക് പോയിട്ടുണ്ടോയെന്ന് ആരായും. പനിയോ വൈറസ് ബാധയോ ഉണ്ടായിരുന്ന ആരുമായെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയോ എന്നും ചോദിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയ ശേഷം ഉപയോഗിക്കാനായി ദുബായി ഹെല്‍ത്ത് അതോരിറ്റി പ്രത്യേക കിറ്റ് ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമുള്ള സ്രവങ്ങള്‍ ശേഖരിക്കാനുള്ള പ്രത്യേക സ്വാബുകള്‍ ഈ കിറ്റിലുണ്ട്. ഇവ ശേഖരിച്ച് റാഷിദ് ആശുപത്രിയിലേക്ക് അയക്കും. ഇവിടെയാണ് സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കി വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കുന്നത്.

Read more: കൊറോണ ഭീതി; ചൈനയിലേക്കുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ച് ഡി.പി വേള്‍ഡ്

അത്യാഹിത സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അല്‍ സഫയിലെ മെഡ്‍കെയര്‍ ആശുപത്രി ജനറല്‍ പ്രാക്ടീഷണര്‍ ഡോ. സൈമ ഖാന്‍ പറഞ്ഞു. ചൈനയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ ആവശ്യമായ വിവരങ്ങള്‍ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കുകയും അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. വൈറസ് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടുന്നവരെ പരിചരിക്കാനുള്ള പരിശീലനവും തങ്ങള്‍ക്ക് ലഭിച്ചതായി ഡോക്ടര്‍ പറഞ്ഞു.

പനിയുള്ളവരുമായി അകലം പാലിക്കണമെന്ന് യുഎഇയിലെ റൈറ്റ് ഹെല്‍ത്ത് മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജയ് പറഞ്ഞു. ആരോഗ്യത്തെ അവഗണിക്കരുത്. പനിയോ പനിയുടെ ലക്ഷണങ്ങളോ കണ്ടാല്‍ ചികിത്സ തേടണം. പനി ബാധിച്ചവര്‍ പുറത്തിറങ്ങാതെ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

പനിയോ അസുഖങ്ങളോ ഉള്ളവര്‍ അത് മറ്റുള്ളവരിലേക്ക് കൂടി പകരാതെ ശ്രദ്ധിക്കണം. ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണണം. നിര്‍ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. പനിയുള്ളവര്‍ ആളുകള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളില്‍ നിന്ന് വിട്ടിനില്‍ക്കണം. കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്. സോപ്പ് ഉപയോഗിച്ച് ശരിയായി കൈകഴുകുന്നത് ശീലമാക്കണം. പൊതുസ്ഥലങ്ങളിലാണെങ്കില്‍ സാനിട്ടൈസറുകള്‍ ഉപയോഗിക്കാം. 

Follow Us:
Download App:
  • android
  • ios