ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ ഒരു പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു.
ഷാര്‍ജ: രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് പൗരനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ടെണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് പകരമായി കൈക്കൂലി സ്വീകരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്.
ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ ഒരു പാര്‍ക്കിങ് ലോട്ടില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. ആ ദിവസം താന്‍ ഓഫീസില്‍ വെച്ച് മൂന്ന് കരാറുകളില്‍ ഒപ്പുവെച്ചിരുന്നുവെന്നും ഇതിനായി വന്ന ഒരാള്‍ തന്റെ മേശപ്പുറത്തേക്ക് പണം വലിച്ചെറിയുകായിരുന്നുവെന്നുമായിരുന്നു ഇയാളുടെ വാദം. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞതിനാലാണ് പ്രോസിക്യൂഷനോട് താന്‍ കുറ്റം സമ്മതിച്ചതെന്നും ഇയാള്‍ പറഞ്ഞു. കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാനും ധനകാര്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കാനും വേണ്ടി കോടതി കേസ് 23ലേക്ക് മാറ്റിവെച്ചു.
