ദുബായ്: യുഎഇയില്‍ വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന തരത്തിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഡ്രാഗണ്‍ മാര്‍ട്ടില്‍ നിന്ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണിവയെന്നും ആരും ഈ ഭാഗത്തേക്ക് പോകരുതെന്നുമൊക്കെ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ മഞ്ഞ നിറത്തിലുള്ള സ്യൂട്ടും മറ്റ് വ്യക്തിഗത സുരക്ഷാ സംവിധാനങ്ങളും ധരിച്ചുകൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ ഭയപ്പെടാനൊന്നുമില്ലെന്നും സംഭവം ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഭാഗമായിരിക്കാനാണ് സാധ്യയെന്നുമാണ് യുഎഇ ആരോഗ്യ മന്ത്രാലയം ഹെല്‍ത്ത് സെന്റര്‍ ആന്റ് ക്ലിനിക് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബുദുല്‍ റഹ്‍മാന്‍ അറിയിച്ചത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ നാല് പേരടങ്ങിയ ഒരു കുടുംബം മാത്രമാണ് ഇപ്പോള്‍ കൊറോണ ബാധിച്ച് യുഎഇയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളതെന്നും മറ്റൊരു കേസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനീസ് കുടുംബം ഏത് ആശുപത്രിയിലാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും പ്രകാരം ഇവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ വെയ്ക്കുമെന്ന് ഡോ. ഹുസൈന്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച ആര്‍ക്കും കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ല. ഇവരുടെ ആരോഗ്യസ്ഥിതിയും തൃപ്തികരമാണ്. പൊതുജനങ്ങള്‍ക്ക് സാധാരണ ജീവിതം തുടരാമെന്നും ഒപ്പം ആരോഗ്യ മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.