അബുദാബി: അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം മേഘാവൃതമാകാനും ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
 

ദ്വീപുകളിലും തീരപ്രദേശങ്ങളിലും വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കും. എട്ട് അടിവരെ ഉയരത്തില്‍ തിരയടിക്കാനും സാധ്യതയുണ്ട്.  രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ 16 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. തീരപ്രദേശങ്ങളില്‍ 18 മുതല്‍ 26 ഡിഗ്രി വരെയും പര്‍വതപ്രദേശങ്ങളില്‍ 8 മുതല്‍ 20 ഡിഗ്രി വരെയുമായിരിക്കും താപനില.