യുഎസ് സെനറ്റിലും വൈസ് പ്രസിഡന്റായും ജോ ബൈഡന്‍ സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ യുഎഇ ഭരണനേതൃത്വത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്ന സന്തോഷവും ശൈഖ് ഖലീഫ പ്രകടിപ്പിച്ചു. 

അബുദാബി: നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബൈഡന് അഭിനന്ദം അറിയിച്ചുകൊണ്ട് ബുധനാഴ്ച സന്ദേശമച്ചു.

ജോ ബൈഡന് ശൈഖ് ഖലീഫ വിജയാശംസകള്‍ നേര്‍ന്നു. ലോകാരോഗ്യം, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം എന്നീ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ് ഖലീഫ സന്ദേശത്തില്‍ കുറിച്ചു. യുഎസ് സെനറ്റിലും വൈസ് പ്രസിഡന്റായും ജോ ബൈഡന്‍ സേവനമനുഷ്ഠിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ യുഎഇ ഭരണനേതൃത്വത്തിന് അവസരം ലഭിച്ചിട്ടുണ്ടെന്ന സന്തോഷവും ശൈഖ് ഖലീഫ പ്രകടിപ്പിച്ചു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും ജോ ബൈഡന് ആശംസകളറിയിച്ച് സന്ദേശമയച്ചു.