അബുദാബി: യുഎഇയില്‍ വാട്സ്ആപ് വോയിസ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടന്‍ പിന്‍വലിച്ചേക്കും. യുഎഇ ദേശീയ ഇലക്ട്രോണിക് സെക്യൂരിറ്റി അതോരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇത് സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കിയത്. 

വാട്സ്ആപുമായുള്ള സഹകരണം വര്‍ദ്ധിപ്പിച്ച പശ്ചാലത്തലത്തില്‍ പല കാര്യങ്ങളിലും ധാരണയായിട്ടുണ്ടെന്ന് മുഹമ്മദ് അല്‍ കുവൈത്തി സിഎന്‍ബിസി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാട്സ്ആപ് വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാനുള്ള തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ വിലക്ക് നീക്കപ്പെടുമെന്നാണ് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോരിറ്റിയില്‍ നിന്ന് തങ്ങള്‍ക്ക് മനസിലാകുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

നിലവില്‍ ഇന്റര്‍നെറ്റ് വോയിസ് കോളുകള്‍ക്ക് യുഎഇയില്‍ വിലക്കുണ്ട്. ടെലികോം കമ്പനികള്‍ പുറത്തിറക്കിയ ചില ആപ്ലിക്കേഷനുകള്‍ വഴി മാത്രമേ ഇത്തരം കോളുകള്‍ സാധ്യമാകൂ. എന്നാല്‍ വാട്സ്ആപ്, സ്കൈപ്പ്, ഫേസ്‍ടൈം എന്നിങ്ങനെയുള്ള പ്ലാറ്റ് ഫോമുകള്‍ വഴിയുള്ള വോയിസ് കോളുകള്‍ രാജ്യത്ത് അനുവദിക്കണമെന്ന് പ്രമുഖ സ്വദേശി വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു