അബുദാബി: യുഎഇയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള അടിയന്തര അനുമതിക്ക് പിന്നാലെ മെഡിക്കല്‍, നഴ്‌സിങ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങി. വാക്‌സിന്റെ ആദ്യ ഡോസാണ് ഇവര്‍ സ്വീകരിച്ചത്. 

ഹോസ്പിറ്റല്‍ സെക്ടറിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയും എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറലുമായ ഡോ യൂസിഫ് അല്‍ സെര്‍കാല്‍, മന്ത്രാലയത്തിലെ ഹെല്‍ത്ത് അസിസ്റ്റന്റ് സെക്ടര്‍, ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍ എന്നിവയുടെ അണ്ടര്‍ സെക്രട്ടറി ഡോ. ഹുസ്സൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ റന്ദ്, സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അവാദ് സഖിര്‍ അല്‍ കിത്ബി എന്നിവര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. 

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അടിയന്തര അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അല്‍ ഖാസിമി ഹോസ്പിറ്റല്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനിലെ മെഡിക്കല്‍, നഴ്‌സിങ് ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കി തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയകരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.