കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

അബുദാബി: യുഎഇയിൽ ഈ ആഴ്ചത്തെ കാലാവസ്ഥ മുന്നറിയിപ്പ് പുറത്തുവിട്ടു. ഇന്ന് (തിങ്കൾ) മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. കഴിഞ്ഞ ആഴ്ചത്തേത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായിരുന്ന കാലാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്ര തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുകയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചിരുന്നു. 

അതേസമയം ഖത്തറിലും ഒമാനിലും മഴയ്ക്ക് സാധ്യത അറിയിച്ചിട്ടുണ്ട്. ഖത്തറിൽ ഞായറാഴ്ച രാത്രി ഇടിമിന്നലോടെയുള്ള മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായി പ്രതിദിന കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു. കടൽ പ്രക്ഷുബ്ധമാവാനുള്ള സാധ്യതയുമുണ്ട്. രണ്ട് മുതൽ നാല് അടി വരെ ഉയരത്തിൽ തിരയടിച്ചേക്കും. ഇത് എട്ട് അടി വരെ ഉയരാനും സാധ്യതയുണ്ട്.

Read Also - ദുബൈയില്‍ ബഹുനില കെട്ടിടത്തിന് ഇളക്കം, ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

ഒമാനിൽ 23-ാം തീയ്യതി മുതലാണ് മഴ മുന്നറിയിപ്പുള്ളത്. ഏപ്രില്‍ 23 ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 25 വ്യാഴാഴ്ച വരെയാണ് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും ഉണ്ടായേക്കും. രാജ്യത്തെ കാലാവസ്ഥ സാഹചര്യം നാഷണല്‍ സെന്റര്‍ ഫോര്‍ ഏര്‍ലി വാണിങ് ഓഫ് മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്