അബുദാബി: കൊവിഡ് 19 സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെയുള്ള പ്രചാരണങ്ങളില്‍ പ്രതികരണവുമായി യുഎഇ ആരോഗ്യമന്ത്രാലയം. കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വഞ്ചിതരാകരുതെന്ന് യുഎഇ ആരോഗ്യമേഖല വക്താവ് ഡോ ഫരീദ അല്‍ഹുസൈനി അഭ്യര്‍ത്ഥിച്ചു.

കൊവിഡ് 19 പരത്തുന്നത് ബാക്ടീരിയ ആണെന്ന പ്രചാരണം തെറ്റാണ്. സാര്‍സ് കോവ്-2 എന്ന കൊറോണ വൈറസാണ് കൊവിഡ് പരത്തുന്നതെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ഡോ അല്‍ഹുസൈനി പറഞ്ഞു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ കൊവിഡ് 19 മൂലമുണ്ടാകുന്ന സങ്കീര്‍ണതകളില്‍ നിന്ന് ബാക്ടീരിയ അണുബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ആസ്പിരിന്‍ ഉപയോഗിച്ചാല്‍ കൊവിഡ് ഭേദമാക്കാന്‍ സാധിക്കുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളെയും അവര്‍ നിഷേധിച്ചു. ഇത് തെറ്റാണെന്നും കൊവിഡ് ചികിത്സയ്ക്ക് മറ്റ് ഫലപ്രദമായ മരുന്നുകള്‍ ഉപയോഗിച്ച് വരികയാണെന്നും ഡോ അല്‍ഹുസൈനി വ്യക്തമാക്കി.