ഷാര്‍ജ: സ്കൂള്‍ ബസില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി. വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കരുതെന്നും പൊലീസും വിദ്യാഭ്യാസ മന്ത്രാലയം അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്കൂള്‍ ബസിനുള്ളില്‍ വെച്ച് ആണ്‍കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് അടിക്കുകയും തള്ളുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിരവധിപ്പേര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മര്‍ദനമേറ്റ് കുട്ടിയുടെ കണ്ണട നിലത്ത് വീഴുന്നുണ്ട്. അറബിയില്‍ ശകാരിക്കുന്നതും കേള്‍ക്കാം. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു. ഉപദ്രവിച്ചവര്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ വീഡിയോയും ചിത്രീകരിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ വിശദമായ അന്വേഷണം തുടങ്ങിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. കല്‍ബയിലുള്ള ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവരെന്ന്  പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യുകയാണ്. ഉപദ്രവത്തിനിരയായ കുട്ടിയുടെ രക്ഷിതാക്കളെയും പൊലീസ് വിളിച്ചുവരുത്തി. ഇവര്‍ രേഖാമൂലമുള്ള പരാതി നല്‍കിയിട്ടുണ്ട്.  വിദ്യാഭ്യാസ മന്ത്രാലയലവും അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടാണ് തങ്ങള്‍ക്കുള്ളതെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സഹപാഠികളില്‍ നിന്നോ സ്കൂളില്‍ നിന്നോ വീട്ടില്‍ നിന്നോ ഇത്തരം അനുഭവങ്ങളുണ്ടായാല്‍ അധികൃതരെ അറിയിക്കണമെന്ന് വിദ്യാര്‍ത്ഥികളോടും നിര്‍ദേശിച്ചിട്ടുണ്ട്.  അതേസമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.