മലയാളികടക്കമുള്ള നൂറുകണക്കിന് പേര്‍ പള്ളിയങ്കണത്തില്‍ നോമ്പുതുറയ്ക്ക് എത്തിയിരുന്നു.

അബുദാബി: അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഞായറാഴ്ച നോമ്പുതുറയ്ക്കെത്തിയവരെ ഞെട്ടിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നോമ്പുതുറക്കാനായി സാധാരണ ജനങ്ങള്‍ക്കൊപ്പം ഇരുന്ന ശൈഖ് മുഹമ്മദിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മലയാളികടക്കമുള്ള നൂറുകണക്കിന് പേര്‍ പള്ളിയങ്കണത്തില്‍ നോമ്പുതുറയ്ക്ക് എത്തിയിരുന്നു. ശൈഖ് മുഹമ്മദിനെ കണ്ടതോടെ എല്ലാവരും അമ്പരന്നു. വൈസ് പ്രസി‍ഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശി ഖാലിദ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരോടൊപ്പമാണ് യുഎഇ പ്രസിഡന്‍റ് നോമ്പുതുറക്കാനെത്തിയത്. 

Read Also -  150 യാത്രക്കാരുമായി ലാൻഡ് ചെയ്യുന്നതിനിടെ അപ്രതീക്ഷിത അപകടം; ഇടത്തേക്ക് തിരിച്ച വിമാനം ചെന്നിടിച്ചത് ട്രക്കിൽ

സുഖമാണോ എന്ന് എല്ലാവരോടും അറബികിൽ ചോദിച്ചു കൊണ്ട് അദ്ദേഹം കടന്നുവന്നപ്പോൾ എല്ലാവരും എഴുന്നേറ്റ് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍ ഇരുന്നോളൂ എന്ന് അദ്ദേഹം പറയുകയും ചെയ്തു. 13 മണിക്കൂറും 33 മിനിറ്റും നീണ്ട ഉപവാസം അവസാനിപ്പിച്ച് എല്ലാവരും ഇഫ്താർ ആരംഭിച്ചപ്പോൾ ശൈഖ് മുഹമ്മദും സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു. 

പൊതുജനങ്ങൾക്ക് നൽകുന്ന ഫ്രഷ് സാലഡ്, പഴം, ബിരിയാണി പോലെ അരിയും മാംസവും ചേര്‍ത്ത് പരമ്പരാഗത രീതിയില്‍ തയ്യാറാക്കിയ വിഭവം, ഹരീസ, വെള്ളം, ലബൻ(യോഗട്ട്) എന്നിവ ഉൾപ്പെടുന്ന ഇഫ്താർ വിരുന്ന് കഴിച്ചു. തുടർന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിനുള്ളിലെ വിശ്വാസികളുമായും പ്രസി‍ഡന്റ് സംസാരിച്ചു. നിരവധി ആളുകളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. എളിമയുടെ പര്യായമാണ് യുഎഇ പ്രസിഡന്‍റെന്ന് പലരും വീഡ‍ിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുമുണ്ട്. 

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം