ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാർക്ക് രണ്ടാമതൊരു അവസരം നൽകുന്നതിന്റെ ഭാഗമായി അവരുടെ സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. കാരുണ്യവും സാമൂഹിക ഐക്യവും വളർത്തുന്നതിന്റെയും തടവുകാർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്നതിന്റെയും ഭാഗമായാണ് ഈ വലിയ മാനുഷിക നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

956 തടവുകാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്‍റ്

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ തിരുത്തൽ- ശിക്ഷാ കേന്ദ്രങ്ങളിൽ നിന്നായി 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണ് ഇവർ. തടവുകാരുടെ മോചനത്തിന് പുറമെ, ശിക്ഷാകാലയളവിൽ ഇവരുടെ മുഴുവൻ സാമ്പത്തിക ബാധ്യതകളും പിഴകളും അടച്ചുതീർക്കുമെന്നും യുഎഇ പ്രസിഡന്‍റ് പ്രഖ്യാപിച്ചു. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ബലിപെരുന്നാളിനോട് അനുബന്ധിച്ച് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ രാജ്യക്കാരായ 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 443 തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 230 തടവുകാരെ മോചിപ്പിക്കാൻ നിർദ്ദേശം നൽകി.

ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 227 തടവുകാർക്കാണ് പെരുന്നാൾ പ്രമാണിച്ച് മോചനം അനുവദിച്ചത്. ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയും ജയിലിൽ നിന്ന് നിരവധി തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

പ്രധാനപ്പെട്ട മതപരവും ദേശീയവുമായ ആഘോഷവേളകളിൽ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത് യുഎഇ ഭരണാധികാരികളുടെ പരമ്പരാഗതമായ ശൈലിയാണ്. ജയിൽമോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനും, സാമ്പത്തിക ബാധ്യതകളില്ലാതെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനും ഈ നടപടി വഴി സാധിക്കും. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾക്കും ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ് പകരുന്നത്. വരും ദിവസങ്ങളിൽ തന്നെ തടവുകാരുടെ മോചന നടപടികൾ പൂർത്തിയാകും.