ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ യുഎഇ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാഹോദര്യ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.

ദോഹ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനത്തിന് തുടക്കമായി. ഹമദ് അന്താരാഷട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സ്വീകരിച്ചു. അമീറിന്റെ പേഴ്‍സണല്‍ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ ഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി, അമീരി ദിവാന്‍ ചീഫ് ശൈഖ് സൗദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി തുടങ്ങിയവരും നിരവധി പ്രമുഖരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യുഎഇ പ്രസിഡന്റിനെ അനുഗമിച്ചു. ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെത്തിയത്. ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ യുഎഇ പ്രസിഡന്റ് ഖത്തര്‍ സന്ദര്‍ശിക്കുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സാഹോദര്യ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും.

അമീരി ദിവാനില്‍ നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയായി. 51-ാം ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയ്ക്ക് ഖത്തര്‍ അമീര്‍ ആശംസകള്‍ നേര്‍ന്നു. അമീറിന്റെ ഔദ്യോഗിക വിരുന്നിലും യുഎഇ പ്രസിഡന്റും സംഘവും പങ്കെടുത്തു. അറബ് രാജ്യങ്ങളുടെ ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായാണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ശൈഖ് മുഹമ്മദിനെ യാത്രയയക്കാനും ഖത്തര്‍ അമീര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Read More -  പ്രവാസികള്‍ക്ക് ആഘോഷം! സന്തോഷ വാര്‍ത്ത, ജിസിസി രാജ്യങ്ങളില്‍ നിന്ന് ഹയ്യ കാർഡ് ഇല്ലാതെയും ഖത്തറിലേക്ക് വരാം

Read More -  യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ വ്യാജ പരസ്യം, മുന്നറിയിപ്പുമായി പൊലീസ്

ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ തന്നെ ആശംസകളറിയിച്ചിരുന്നു. ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചാണ് അന്ന് യുഎഇ പ്രസിഡന്റ് ആശംസകള്‍ കൈമാറിയത്. ഖത്തറിനും അറബ് ലോകത്തിനും ഇത് മികച്ച നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയുടെ പിന്തുണയ്ക്ക് ശൈഖ് സായിദിന് ഖത്തര്‍ അമീര്‍ നന്ദി അറിയിച്ചു. യുഎഇ പ്രസിഡന്റിന് ആരോഗ്യവും രാജ്യത്തിന് പുരോഗതിയും അദ്ദേഹം നേര്‍ന്നിരുന്നു.