പുതിയതായി നടത്തിയ 2,05,823 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,645 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുതിയതായി നടത്തിയ 2,05,823 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,42,253 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,22,518 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,313 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,422 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
മയക്കമരുന്ന് കേസുകളില്‍ യുഎഇയില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് എണ്ണായിരത്തിലേറെ പേര്‍
അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കേസുകളില്‍ 2021ല്‍ മാത്രം യുഎഇയില്‍ അറസ്റ്റ് ചെയ്തത് 8,428 പേര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനവാണ് അറസ്റ്റില്‍ ഉണ്ടായിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിക്കുന്ന അവസരത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020ല്‍ 6,973 പേരാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5,677 റിപ്പോര്‍ട്ടുകളാണ് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റികള്‍ കൈകാര്യം ചെയ്തത്. 2020ല്‍ ഇത് 4,810 ആയിരുന്നു. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ലഹരിമരുന്ന് ഉപയോഗം ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പൊതുജനങ്ങളുടെ സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന് അതോറിറ്റി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെ തകര്‍ക്കുന്ന ഈ അപകടത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് കഠിന പരിശ്രമം അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
