അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 261 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 387 പേരാണ് അതേസമയം രോഗമുക്തരായത്. 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 58,249 ആയി. ഇവരില്‍ 51,235 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 343 പേരാണ് മരണപ്പെട്ടത്. ഇപ്പോള്‍ 6,671 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,000 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 261 പുതിയ രോഗികളെ കണ്ടെത്താനായത്. 

കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരികയാണ്. വ്യാഴാഴ്ചയോടെ രോഗികളുടെ എണ്ണം ഏഴായിരത്തില്‍ താഴെയെത്തി. അര ലക്ഷത്തിലധികം പേര്‍ രോഗമുക്തരായതോടെ രാജ്യത്തെ രോഗമുക്തി നിരത്ത് 87.22 ശതമാനമായി ഉയര്‍ന്നു. ആഗോള തലത്തില്‍ 60.4 ശതമാനമാണ് ശരാശരി രോഗമുക്തി നിരക്ക്.