ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ യുഎഇയില്‍ മരിച്ചത്. ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

അബുദാബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ബുധനാഴ്ച രണ്ട് പേര്‍ കൂടി മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം രാജ്യത്ത് 150 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 814 ആയി.

ഏഷ്യക്കാരനായ 62 വയസുകാരനും ജിസിസി പൌരനായ 78കാരനുമാണ് ഇന്നലെ യുഎഇയില്‍ മരിച്ചത്. ഇരുവര്‍ക്കും ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു.

വിദേശ യാത്രകള്‍ നടത്തിയവരെയും നേരത്തെ വൈറസ് ബാധിതരായ വ്യക്തികളുമായി അടുത്തിടപഴകിയവരെയും പരിശോധിച്ചപ്പോഴുമാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിലും വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്നു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. വൈറസ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനാവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.