ജനുവരി ഒന്നിന് പുതുവര്‍ഷ അവധിക്ക് ശേഷമുള്ള രണ്ടാമത്തെ പൊതു അവധിയാണ് ഈദുല്‍ ഫിത്റിന് ലഭിക്കുക.
അബുദാബി: യുഎഇ നിവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധി. ഈദുല്‍ ഫിത്ര്‍ ആഘോഷിക്കാനായി ഒമ്പത് ദിവസം വരെയാണ് അവധി ലഭിക്കുക.
മാര്‍ച്ച് 11 തിങ്കളാഴ്ച മുതലാണ് യുഎഇയില്‍ റമദാന്‍ വ്രതം ആരംഭിച്ചത്. ഇസ്ലാമിക് കലണ്ടര്‍ പ്രകാരമുള്ള എല്ലാ മാസങ്ങളും പോലെ റമദാനും 29 അല്ലെങ്കില്‍ 30 ദിവസം നീളും. മാസപ്പിറവി ദൃശ്യമാകുന്നത് അടിസ്ഥാനമാക്കിയാണിത്. റമദാന്‍ കഴിഞ്ഞു വരുന്ന മാസമായ ശവ്വാല്‍ ഒന്നിനാണ് ഈദുല്‍ ഫിത്ര്‍. യുഎഇ സര്‍ക്കാര്‍ പൊതു, സ്വകാര്യ മേഖലകള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള അവധികളുടെ ലിസ്റ്റ് അനുസരിച്ച് റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെയാണ് താമസക്കാര്‍ക്ക് അവധി ലഭിക്കുക. റമദാന്‍ 30 ദിവസം നീളുകയാണെങ്കില്‍ ഏപ്രില്‍ 10നാകും ഈദ്. എന്നാല്‍ റമദാന്‍ 29 ദിവസം മാത്രമാണെങ്കില്‍ ഏപ്രില്‍ ഒമ്പതിന് ഈദുല്‍ ഫിത്ര്‍ ആഘോഷിക്കും.
റമദാന്‍ 30 ദിവസം നീണ്ടു നിന്നാല്‍ ഏപ്രില്‍ എട്ട് (റമദാന്‍ 29) മുതല്‍ ഏപ്രില്‍ 12 (ശവ്വാല്‍ 3) വരെ ആയിരിക്കും അവധി ലഭിക്കുക. അവധി ദിവസങ്ങള്‍ക്ക് മുമ്പും അതിന് ശേഷവും വരുന്ന അടുത്തടുത്ത ദിവസങ്ങള്‍ ശനിയും ഞായറുമാണ്. വാരാന്ത്യ അവധി ദിവസങ്ങളായ ഇവ കൂടി കണക്കാക്കുമ്പോള്‍ ആകെ 9 ദിവസമാണ് അവധി ലഭിക്കുക.
എന്നാല്‍ റമദാന്‍ 29 ദിവസം മാത്രം ആണെങ്കില്‍ ഈദ് അവധി ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 11 വരെ ആയിരിക്കും. വാരാന്ത്യ അവധി കൂടി കണക്കാക്കുമ്പോള്‍ ആറ് ദിവസത്തെ ഈദ് അവധിയാണ് ലഭിക്കുക. ഏപ്രില്‍ ആറ് ശനിയാഴ്ച മുതല്‍ ഏപ്രില്‍ 11 വ്യാഴം വരെ. ജനുവരി ഒന്നിന് പുതുവര്‍ഷ അവധിക്ക് ശേഷമുള്ള രണ്ടാമത്തെ പൊതു അവധിയാണ് ഈദുല്‍ ഫിത്റിന് ലഭിക്കുക. ഈദ് അല്‍ അദയ്ക്കാണ് ഇനി അടുത്ത അവധി ലഭിക്കുക.
