മോചിതരാകുന്ന തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവസരം നൽകാനും, അവരുടെ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കാനും, പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകാനും ലക്ഷ്യമിട്ടാണ് ഈ ഉത്തരവ്.  

അബുദാബി: യുഎഇയുടെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളോട് അനുബന്ധിച്ച് ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്ന 2,937 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് ശിക്ഷയുടെ ഭാഗമായി ചുമത്തിയ സാമ്പത്തിക പിഴകളും വഹിക്കുമെന്നും പ്രഖ്യാപിച്ചു.

മോചിതരാകുന്ന തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാൻ അവസരം നൽകാനും, അവരുടെ കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കാനും, പ്രിയപ്പെട്ടവർക്ക് സന്തോഷം നൽകാനും ലക്ഷ്യമിട്ടാണ് ഈ ഉത്തരവ്. സ്ഥിരത, സാമൂഹിക ഐക്യം, പുനരധിവാസത്തിനുള്ള അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രസിഡന്‍റിന്‍റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഉദ്യമം.

ദുബൈയിൽ 2,025 പേരെ മോചിപ്പിക്കാൻ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. ഷാർജയിൽ നിന്ന് 366 പേരെയും അജ്മാനിൽ നിന്ന് 225 പേരെയും ഫുജൈറയിൽ നിന്ന് 129 പേരെയും റാസൽഖൈമയിൽ നിന്ന് 411 പേരെയും വിട്ടയയ്ക്കാൻ അതത് എമിറേറ്റ് ഭരണാധികാരികൾ ഉത്തരവിറക്കി. യുഎഇയിൽ ഇതുവരെ ആകെ 6,093 തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തടവുകാലത്ത് നല്ല നടപ്പിനു വിധേയരായ വിവിധ രാജ്യക്കാരെയാണ് മോചനത്തിന് തിരഞ്ഞെടുക്കുക.