ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ഈ വ‍ർഷം ദേശീയ ദിനം ആഘോഷിക്കുന്നത്. ഡിസംബർ 2 ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും. 

ദുബൈ: 54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് നിവാസികളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ദിനമായ യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്.

രാജ്യത്തിന്‍റെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്ന സുപ്രധാന ദിനമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം 'യുണൈറ്റഡ്' ആണ്. ഡിസംബർ 2 ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും.

ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ഡിസംബർ 2ന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായിക-നടി ബൽഖീസ് ലൈവ് കൺസേർട്ട് നടത്തും.

സിറ്റി വാക്കിൽ ഡിസംബർ 1ന് ലെബനീസ് ഗായിക ഡയാന ഹദ്ദാദും അടുത്ത ദിവസം ഷമ്മ ഹംദാനും സൗജന്യ കൺസർട്ടുകൾ അവതരിപ്പിക്കും. നവംബർ 29 ന് ഖോർഫക്കാൻ ആംഫി തിയേറ്ററിൽ എമിറാത്തി സൂപ്പർ താരങ്ങളായ ഹുസൈൻ അൽ ജാസ്മി, ഫൗദ് അബ്ദുൽവാഹിദ് എന്നിവരുടെ സംഗീത സായാഹ്നം നടക്കും.

പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളും

ദുബൈ സിറ്റി വാക്ക് പരേഡ്: ഡിസംബർ 1 ന് വൈകുന്നേരം 4 മണിക്ക് സിറ്റി വാക്കിൽ 'ഈദ് അൽ ഇത്തിഹാദ് 54 പരേഡ്' ആരംഭിക്കും. ദുബൈ പോലീസ് മാർച്ചിംഗ് ബാൻഡ്, കുതിരപ്പടയാളികൾ, ദുബൈ പൊലീസ് അക്കാദമി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും.

റാസൽഖൈമ: ഡിസംബർ 1 ന് വൈകുന്നേരം 3 മണിക്ക് മാരിടൈം പരേഡ് ആഘോഷങ്ങളും അൽ ഖവാസിം കോർണിഷിൽ വൈകുന്നേരം 4 മുതൽ രാത്രി 11 വരെ പരേഡുകളും നടക്കും.

ഷാർജ: നവംബർ 27 മുതൽ 29 വരെ ഷാർജയിലെ അൽ ബത്തായേയിൽ പരേഡുകളും നാടൻ കലാരൂപങ്ങളും ഉണ്ടാകും.

കരിമരുന്ന് പ്രയോഗം: 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം കാണാം.

ദുബൈ: ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത, സൂഖ് അൽ സീഫ്, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെ.ബി.ആർ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ.

അബുദാബി: യാസ് ബേ വാട്ടർഫ്രണ്ടിൽ ഡിസംബർ 1, 2 തീയതികളിൽ.

ഡ്രോൺ ഷോ: ഡിസംബർ 1, 2 തീയതികളിൽ ഗ്ലോബൽ വില്ലേജിൽ യുഎഇ പ്രമേയമാക്കിയുള്ള ഡ്രോൺ ഷോകൾ കാണാം.

5 ദിവസം സൂപ്പർ സെയിൽ

54-ാമത് ഈദ് അൽ ഇത്തിഹാദ് വാരാന്ത്യത്തോടനുബന്ധിച്ച് ദുബൈയിലെ പ്രശസ്തമായ '3-ഡേ സൂപ്പർ സെയിൽ' ഈ വർഷം അഞ്ച് ദിവസത്തേക്ക് (നവംബർ 28 മുതൽ ഡിസംബർ 2 വരെ) നീട്ടി.

90% വരെ കിഴിവ്: 500-ൽ അധികം ബ്രാൻഡുകളിലും 2,000 സ്റ്റോറുകളിലുമായി 90% വരെ കിഴിവുകൾ ലഭിക്കും.

24 മണിക്കൂർ സെയിൽ: നവംബർ 28-ന് ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിൽ ദുബായിലെ ആദ്യത്തെ 24 മണിക്കൂർ സെയിലോടെയാണ് വിപുലീകരിച്ച എഡിഷൻ ആരംഭിക്കുന്നത്.

ദുബൈ ബർഗർ: എമിറാത്തി രുചികൾ ഉൾപ്പെടുത്തി 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷവേളയിൽ മാത്രം തിരഞ്ഞെടുക്കപ്പെട്ട ബർഗർ ജോയിന്റുകളിൽ ലിമിറ്റഡ് എഡിഷൻ ദുബൈ ബർഗർ ലഭ്യമാകും.

പൈതൃക കേന്ദ്രങ്ങൾ

അൽ ഷിന്ദഗ മ്യൂസിയം സന്ദർശിച്ച് യുഎഇയുടെ ചരിത്രം അടുത്തറിയാം. ശൈഖ് മുഹമ്മദ് സെന്റർ ഫോർ കൾച്ചറൽ അണ്ടർസ്റ്റാൻഡിംഗിൽ യുഎഇയുടെ സാംസ്കാരിക ഭൂതകാലത്തെക്കുറിച്ചും വർത്തമാനകാലത്തെക്കുറിച്ചും പഠിക്കാം.