അബുദാബി: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇയിലെ സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ അവധി പ്രഖ്യാപിച്ചെങ്കിലും സിബിഎസ്ഇ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പോലെ നടക്കുമെന്ന് വിവിധ സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‍കൂളുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സിബിഎസ്ഇയില്‍ നിന്ന് മറിച്ചുള്ള നിര്‍ദേശങ്ങള്‍ കിട്ടുന്നതുവരെ പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാവില്ലെന്നാണ് ദുബായ് ഇന്ത്യന്‍ ഹൈസ്‍കൂള്‍ അറിയിച്ചത്. കൂടുതല്‍ ശുചീകരണ ജീവനക്കാരെ നിയോഗിച്ച് പലതവണ സ്കൂളും പരിസരവും വൃത്തിയാക്കിയും ഹാന്റ് സാനിറ്റൈസറുകള്‍ അടക്കമുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സജ്ജീകരിച്ചും പരീക്ഷ നടത്താനാണ് മറ്റ് സ്കൂളുകളുടെയും തീരുമാനം. പല സ്കൂളുകളിലും ഇപ്പോള്‍ ഇന്റേണല്‍ പരീക്ഷകള്‍ നടന്നുവരികയാണ്.

വാര്‍ഷിക പരീക്ഷകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെ നടത്താന്‍ ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പുതിയതായി ആറു പേർക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ യുഎഇയില്‍ ആകെ രോഗബാധിതരുടെ എണ്ണം 27 ആയി. വൈറസ് ബാധ നിയന്ത്രിക്കാന്‍ അതീവ ജാഗ്രതയാണ് രാജ്യം പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് മാര്‍ച്ച് എട്ട് മുതല്‍ നാല് ആഴ്ച സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.