അബുദാബി: പ്രവാസികള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ വിസ നിയമത്തില്‍ പുതിയ പ്രഖ്യാപനവുമായി യുഎഇ. വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികളെയും പിഴ(ഓവര്‍ സ്റ്റേ ഫൈന്‍)യില്‍ നിന്ന് ഒഴിവാക്കിയതായി യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് ഉത്തരവിട്ടു. കാലാവധി കഴിഞ്ഞ താമസ വിസയിലും സന്ദര്‍ശക വിസയിലും യുഎഇയില്‍ തുടരുന്ന പ്രവാസികളെ മൂന്നുമാസത്തേക്കാണ് പിഴയില്‍ നിന്ന് ഒഴിവാക്കിയത്. എമിറേറ്റ്‌സ് ഐഡി, വര്‍ക്ക് പെര്‍മിറ്റ് എന്നിവയിന്‍മേലുള്ള പിഴകളും അടയ്‌ക്കേണ്ടതില്ല.

 വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്ന എല്ലാ പ്രവാസികള്‍ക്കും മാര്‍ച്ച് 18 മുതല്‍ മൂന്ന് മാസത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി(എഫ്എഐസി) വക്താവ് ബ്രിഗേഡിയര്‍ ഖമിസ് അല്‍ കഅബിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തുവിട്ടത്.

മാര്‍ച്ച് ഒന്നു മുതല്‍ വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്കാണ് പിഴ ഇളവിന് അവസരം. ഇവര്‍ക്ക് എഫ്എഐസിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഒഴിവാക്കാം. മാര്‍ച്ച് 18 മുതല്‍ മൂന്നുമാസമാണ് പിഴ ഇല്ലാതെ യുഎഇയില്‍ തുടരാനുള്ള അനുമതി. വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് മൂന്നുമാസത്തെ ഗ്രേസ് പീരിയഡിനുള്ളില്‍ യാതൊരു പിഴയും കൂടാതെ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാം. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ഈ പുതിയ നിയമം യുഎഇയിലെ മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകും. 

സൗദിയിലെ തബൂക്കില്‍ കുടുങ്ങി മലയാളി നഴ്‌സുമാര്‍; നാട്ടിലെത്താന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം