അബുദാബി: കൊവിഡ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തുമെന്ന് യുഎഇ. 5400 ഡോളര്‍ വരെ പിഴ ഈടാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. 

ശനിയാഴ്ച ചേര്‍ന്ന യുഎഇ കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ആരോഗ്യ മന്ത്രാലയത്തിന്റെയോ പ്രാദേശിക ആരോഗ്യ വിഭാഗം അധികൃതരുടെയോ അംഗീകാരമില്ലാത്ത മെഡിക്കല്‍ വിവരങ്ങള്‍ വ്യക്തികള്‍ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. അധികൃതര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ക്ക് വിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിച്ചാലാണ് പിഴ ഈടാക്കുക. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനമെന്ന് മീഡിയാ ഓഫീസ് ട്വിറ്ററില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് 37 പേരാണ് യുഎഇയില്‍ മരിച്ചത്. 6032 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.