അബുദാബി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം കൂടുതല്‍ പബ്ലിക് പാര്‍ക്കുകളും ബീച്ചുകളും തുറക്കാനൊരുങ്ങി യുഎഇ. അബുദാബി മീഡിയ ഓഫീസ് വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. 

രാജ്യതലസ്ഥാനമായ അബുദാബിയിലും അല്‍ ഐന്‍, അല്‍ ദഫ്ര മേഖലകളിലും കൂടുതല്‍ പബ്ലിക് പാര്‍ക്കുകളും ബീച്ചുകളും തുറക്കുമെന്ന് അബുദാബി ഗതാഗത വിഭാഗം അറിയിച്ചതായി പ്രസ്താവനയില്‍ പറയുന്നു. പരമാവധി 40 ശതമാനം ആളുകള്‍ക്കാണ് പ്രവേശനമുണ്ടാകുക. ഇതിന് മുന്നോടിയായി അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. 

ഒരു സംഘത്തില്‍ നാലുപേര്‍ വരെ അനുവദനീയമാണ്. പ്രവേശനകവാടത്തില്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാവും ഇവരെ കടത്തി വിടുക. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. 30 ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഭക്ഷ്യ വിതരണശാലകള്‍ക്കും പ്രവര്‍ത്തിക്കാം. ഒരു മേശയില്‍ നാലുപേര്‍ക്ക് വരെ ഇരിക്കാം. കുറഞ്ഞത് രണ്ടര മീറ്ററെങ്കിലും അകലം പാലിച്ച് വേണം മേശകള്‍ ക്രമീകരിക്കാന്‍. ഇതിനോട് ചേര്‍ന്നുള്ള കളിസ്ഥലങ്ങള്‍ തുറക്കരുത്, പാര്‍ക്കിങ് സൗകര്യം 50 ശതമാനമായി പരിമിതപ്പെടുത്തണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് കൂടുതല്‍ പാര്‍ക്കുകളും ബീച്ചുകളും തുറക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ നല്‍കിയിട്ടുള്ളത്.