Asianet News MalayalamAsianet News Malayalam

ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് മന്ത്രാലയം

ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണം.

Umrah visa period will not be extended said ministry
Author
First Published Oct 3, 2022, 10:34 PM IST

റിയാദ്: ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ക്ക് ഏറ്റവും ഭംഗിയായി സേവനങ്ങള്‍ നല്‍കുകയും സേവന ഗുണനിലവാരം ഉയര്‍ത്തുകയും വേണം. തങ്ങള്‍ക്കു കീഴിലുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റുകളും മദീന മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനുള്ള പെര്‍മിറ്റുകളും ഇഷ്യു ചെയ്ത് കൊടുക്കുന്നതിന്റെയും പെര്‍മിറ്റുകളില്‍ നിര്‍ണയിച്ച കൃത്യസമയത്ത് തീര്‍ഥാടകരെ വിശുദ്ധ ഹറമിലെത്തിക്കുന്നതിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.

Read More -  മലയാളി ഉംറ തീർത്ഥാടകൻ സൗദി അറേബ്യയില്‍ ശ്വാസതടസം മൂലം മരിച്ചു

അതേസമയം ഉംറ നടപടിക്രമങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്. ലോകത്തെങ്ങുമുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലെത്താൻ അതത് രാജ്യങ്ങളിലിരുന്ന് ഡിജിറ്റലായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകും. ഇതിനായി ‘നുസുക്’ എന്ന പേരില്‍ ഹജ്-ഉംറ മന്ത്രാലയം പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചിട്ടുണ്ട്. ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപകല്‍പന ചെയ്ത ഏകീകൃത ഗവണ്‍മെന്റ് പ്ലാറ്റ്‌ഫോം ആണിത്.

Read More- മറ്റ്‌ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് മുൻകൂട്ടി ഉംറ പെർമിറ്റ് എടുക്കാം

സൗദിയിലേക്കുള്ള പ്രവേശന വിസ, ഉംറയും മദീന സിയാറത്തും നടത്തുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍, സൗദിയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളിലേക്കുള്ള യാത്രകളില്‍ ബുക്കിംഗ്, ഉംറ, മദീന സന്ദർശനം പ്രോഗ്രാമുകളില്‍ ബുക്കിംഗ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ എന്നീ സേവനങ്ങള്‍ നുസുക് പ്ലാറ്റ്‌ഫോം നല്‍കും. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സന്ദർശനം നടത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള പുതിയ പോര്‍ട്ടല്‍ ആണ് നുസുക് പ്ലാറ്റ്‌ഫോം.

Follow Us:
Download App:
  • android
  • ios