നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്‍റെ പരിധിയിൽ ആശ്വാസകരമായ പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. സ്ത്രീകൾക്ക് 1 ലക്ഷം രൂപ വരെയും പുരുഷന്മാർക്ക് 50,000 രൂപ വരെയും ഉള്ള സ്വർണമേ കൊണ്ടു പോകാൻ പാടുള്ളൂ എന്ന പ്രവാസികളെ വലച്ച നിബന്ധനയാണ് നീക്കിയത്.
ദുബൈ: പുതിയ ബജറ്റ് പ്രവാസികൾക്ക് ആശ്വാസമാകുകയാണ്. നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്‍റെ പരിധി പലപ്പോഴും പ്രവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിനാണ് മാറ്റം വരുന്നത്. നേരത്തെ സ്ത്രീകൾക്ക് 40 ഗ്രാം സ്വര്‍ണവും പുരുഷന്മാർക്ക് 20 ഗ്രാം സ്വര്‍ണവുമായിരുന്നു കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ഇതിൽ മറ്റൊരു പ്രശ്നം കൂടിയുണ്ടായിരുന്നു. സ്ത്രീകൾക്ക് 1 ലക്ഷം രൂപ വരെയും പുരുഷന്മാർക്ക് 50,000 രൂപ വരെയും ഉള്ള സ്വർണമേ കൊണ്ടു പോകാൻ പാടുള്ളൂ എന്ന നിയന്ത്രണം പ്രവാസികളെ വലച്ചിരുന്നു. സ്വര്‍ണവില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കാലഹരണപ്പെട്ട ഈ നിബന്ധന വലിയ തലവേദനയാണ് ഉണ്ടാക്കിയത്. വില കൂടിയ ഈ സമയത്ത് ഒരു പവൻ പോലും കൈയിൽ വെക്കാൻ പറ്റാത്ത സ്ഥിതിയായി. ഇനി എന്തായാലും തൂക്കം മാത്രമേ പരിഗണിക്കൂ എന്ന വലിയ മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
പുതിയ ബാഗേജ് നിയമങ്ങൾ 2026 എന്ന പേരിലാണ് പുതിയ നിർദേശങ്ങൾ. ഇത് പ്രകാരം വിദേശത്ത് നിന്നെത്തുന്നവർക്ക് കസ്റ്റംസ് ഡ്യൂട്ടി ഇല്ലാതെ കൊണ്ടു പോകാവുന്ന വസ്തുക്കളുടെ പരിധി 75,000 രൂപയാക്കി ഉയർത്തി. ടൂറിസ്റ്റുകൾക്കും ഈ ആനുകൂല്യം ലഭിക്കും. 18 തികഞ്ഞയാൾക്ക് 1 ലാപ്ടോപ്പ് ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു പോകാം. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വീട്ടു സാധനങ്ങൾ ഉൾപ്പടെയുള്ള വസ്തുക്കൾ നികുതിയില്ലാതെ കൊണ്ടു വരാം. 1 വർഷം കഴിഞ്ഞു വരുന്നവർക്ക് ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ. 2 വർഷം വരെയാണെങ്കിൽ മൂന്ന് ലക്ഷം രൂപ വരെ. രണ്ട് വർഷത്തിന് മീതി കഴിഞ്ഞ് വരുന്നവർക്ക് ഏഴര ലക്ഷം രൂപ വരെയുള്ള സാധനങ്ങൾ ഡ്യൂട്ടി ഫ്രീ ആയി കൊണ്ടു വരാം. ഇതാണ് പുതിയ മാർഗനിർദേശം. ഡ്യൂട്ടിയുടെ പേരിൽ പഴയത് പോലെ സാധനങ്ങൾ പിടിച്ചു വെക്കാനാകില്ല. താൽക്കാലിക ബാഗേജ് ഇംപോർട്ട് എക്സ്പോർട്ട് സർട്ടിഫിക്കറ്റ് നൽകും. കൊറിയർ വഴി അയക്കുന്ന വസ്തുക്കൾക്കുള്ള വില പരിധി ഒഴിവാക്കി. വസ്തുക്കൾ ഓൺലൈൻ ആയും മുൻകൂട്ടിയും ഡിക്ലയർ ചെയ്യാം.


