Asianet News MalayalamAsianet News Malayalam

യൂണിയന്‍കോപ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ ജീവനക്കാര്‍ സംഭാവന ചെയ്‍തത് 13,44,000 ദിര്‍ഹം

ജീവനക്കാരില്‍ പ്രയാസമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി  യൂണിയന്‍കോപ് രൂപം നല്‍കിയ ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്രയധികം തുകയുടെ സംഭാവന ലഭിച്ചത്.

Union Coop Humanitarian Support Program Employees Contribute AED 1344000 since 2018
Author
Dubai - United Arab Emirates, First Published Oct 18, 2021, 5:26 PM IST

ദുബൈ: ദുരിതമനുഭവിക്കുന്ന സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനും പിന്തുണയ്‍ക്കുമായി യൂണിയന്‍കോപ് ജീവനക്കാര്‍ ഇതുവരെ 13,44,000 ദിര്‍ഹം സമാഹരിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. 2018ല്‍ യൂണിയന്‍കോപിന്റെ മാനവവിഭവ ശേഷി - സ്വദേശിവത്കരണ വിഭാഗം വഴി ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ദുബൈയുടെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തങ്ങളുടെ ശാഖകളിലും വിവിധ വിഭാഗങ്ങളിലും അതിന് പുറത്ത്  പ്രാദേശികമായുമുള്ള മാനുഷിക വിഷയങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സുസ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കുന്നതിലേക്ക് യൂണിയന്‍കോപ് നീങ്ങുകയാണെന്ന് മാനവ വിഭവ ശേഷി -സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കനൈദ് അല്‍ ഫലാസി പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കാനും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പിന്തുണയ്‍ക്കാനും സഹായിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം അവരുടെ കുടുംബങ്ങള്‍ക്ക് ഏറ്റവും മികച്ച പിന്തുണയും സഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നു. ഇതിലൂടെ ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരസ്‍പര സഹകരണത്തിന്റെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുടെയും സാധ്യതകള്‍ അവരെ ഉണര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്.

ബുദ്ധിമുട്ടുന്ന ജീവനക്കാരെ അവരുടെ നിര്‍ണായക സമയങ്ങളില്‍  സഹായിക്കുന്നതിനായുള്ള സംഭാവനകള്‍ ഫലപ്രദമായി  സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2018ലാണ് ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങിയത്. ജീവനക്കാരില്‍ മാനവികതയുടെ മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായകമാവുന്ന ഈ പദ്ധതിയിലൂടെ  ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതിയും സന്നദ്ധതയും അനുസരിച്ച് ഓരോ മാസവും നിശ്ചിത തുക സംഭാവന നല്‍കുകയാണ് ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 2021 ആദ്യം മുതല്‍ സെപ്റ്റംബര്‍ മാസം വരെ മാത്രം 80 ജീവനക്കാര്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്.
Union Coop Humanitarian Support Program Employees Contribute AED 1344000 since 2018

ജീവനക്കാര്‍ക്ക് സ്ഥാപനത്തോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ അവര്‍ക്ക് മികച്ച തൊഴില്‍ അന്തരീക്ഷവും സന്തോഷവും ഉറപ്പുവരുത്താനുള്ള നിരന്തര പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനാല്‍ തന്നെ, മാനുഷിക പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളും സാമൂഹിക പ്രവര്‍ത്തനവും ജീവനക്കാര്‍ക്കുള്ള പിന്തുണയുമൊക്കെ  യൂണിയന്‍കോപിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പരസ്‍പരം സഹായിക്കാന്‍ യൂണിയന്‍കോപ് കുടുംബാംഗങ്ങള്‍ക്ക്  അവസരമൊരുക്കുന്നതിനാല്‍  ഏറ്റവും മികച്ചതും ക്രിയാത്‍മകവുമായ ഒരു പദ്ധതിയാണ് ഈ ധനസമാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക ഉത്തരവാദിത്തം വളര്‍ത്തിയെടുക്കാനും ഇതിലൂടെ സാധിക്കുന്നു. ഇതിനുപുറമെ മറ്റുള്ളവര്‍ക്കായി സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവെയ്‍ക്കുന്നത് ഏറ്റവും മഹത്തായ കര്‍മമാണെന്നും അദ്ദേഹം പറഞ്ഞു.

നിരവധി നിബന്ധനകളും വ്യവസ്ഥകളും ഈ പദ്ധതിക്കായി യൂണിയന്‍കോപ് തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്യാഹിതമോ അല്ലെങ്കില്‍ അസാധാരണമായ പ്രയാസങ്ങളോ അനുഭവിക്കുന്ന ജീവനക്കാര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക. അതേസമയം തന്നെ സഹായം സ്വീകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും സഹായം ലഭിക്കുന്നതിനുള്ള ചില നിബന്ധനകളില്‍ ആവശ്യമെന്നുകണ്ടാല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്നുണ്ട്. സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന ജീവനക്കാരന് മനോവിഷമം ഉണ്ടാവാതിരിക്കാനായി സാധ്യമാവുന്നത്ര വേഗത്തില്‍ അവര്‍ക്ക് സഹായം എത്തിക്കുന്നു. ഇത് പദ്ധതിയുടെ ലക്ഷ്യം കൈവരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഒപ്പം സാധ്യമാവുന്നത്ര ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.
Union Coop Humanitarian Support Program Employees Contribute AED 1344000 since 2018

പദ്ധതിയുടെ തുടക്കം മുതല്‍ ജീവനക്കാര്‍ നല്‍കിയ പിന്തുണയില്ലാതെ ഹ്യൂമാനിറ്റേറിയന്‍ സപ്പോര്‍ട്ട് പ്രോഗ്രാം ഇത്രവലിയ വിജയത്തിലെത്തുകയോ ലക്ഷ്യം നേടുകയോ ചെയ്യുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാനവികവും സാമൂഹികവുമായുള്ള പദ്ധതികളിലും ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയുമൊക്കെ തലങ്ങളില്‍ യൂണിയന്‍ കോപ് നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും  സഹകരിക്കുന്ന ഓരോ ജീവനക്കാരനോടും അദ്ദേഹം നന്ദി അറിയിച്ചു.  എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ പരമാവധി ആളുകളിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാനാണ് യൂണിയന്‍കോപ് എപ്പോഴും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios