Asianet News MalayalamAsianet News Malayalam

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പുതുക്കി യൂണിയന്‍ കോപ്

ആഗോള തലത്തില്‍ തന്നെ വിശ്വാസ്യതയുടെയും സുസ്ഥിരതയുടെയും ഉത്തരവാദിത്തത്തിന്റെയും അംഗീകാരമാണ് ബ്യൂറോ വെറിറ്റാസിന്റെ ഐഎസ്ഒ 22301 സര്‍ട്ടിഫിക്കറ്റ്.

Union Coop Renews ISO Certification
Author
First Published Jan 12, 2023, 7:16 PM IST

ദുബൈ: ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില്ലറ വിപണന സ്ഥാപനമായ യൂണിയന്‍ കോപ് ഐഎസ്ഒ 22301 സര്‍ട്ടിഫിക്കേഷന്‍ വിജയകരമായി സ്വന്തമാക്കി. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‍മെന്റ് സിസ്റ്റം സര്‍ട്ടിഫിക്കറ്റായ ഇത് യൂണിയന്‍ കോപിന്റെ ഐടി ഡിപ്പാര്‍ട്ട്മെന്റിലൂടെയാണ് സ്ഥാപനം നേടിയത്. ബ്യൂറോ വെറിറ്റാസിന്റെ ദുബൈ ബ്രാഞ്ച് വഴി നല്‍കുന്ന ഈ പുതുക്കിയ അംഗീകാരം യൂണിയന്‍ കോപിന്റെ ബിസിനസ് രീതികളിലും നടപടികളിലും അന്താരാഷ്‍ട്ര നിലവാരം കാത്തുസൂക്ഷിക്കുന്നതിന് കൂടുതല്‍ ശക്തിപകരും.

യൂണിയന്‍ കോപിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ അബ്‍ദുല്ല മുഹമ്മദ് റാഫി അല്‍ ദല്ലാല്‍, ബ്യൂറോ വെറിറ്റാസ് സര്‍ട്ടിഫിക്കേഷന്‍ മാനേജര്‍ മര്‍വാന്‍ അരിദിയില്‍ നിന്നാണ് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. യൂണിയന്‍ കോപിന്റെ വിവിധ ഡിവിഷനുകളുടെയും വകുപ്പുകളുടെയും ഡയറക്ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ അല്‍ വര്‍ഖ സിറ്റി മാളിലെ യൂണിയന്‍ കോപ് ആസ്ഥാനത്തായിരുന്നു ചടങ്ങ്.

"യൂണിയന്‍ കോപ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയും വെല്ലുവിളികള്‍ നേരിടാനുള്ള അതിന്റെ ശേഷിയും, ദുരന്തങ്ങളും പ്രതിസന്ധികളും പോലുള്ള നിര്‍ണായക അവസരങ്ങളില്‍ പോലും ബിസിനസ് തുടര്‍ച്ചാ നിലവാരം ഉറപ്പുവരുത്താനുള്ള കഴിവിന്റെ അംഗീകാരവുമാണ്  'വ്യാപാര നൈരന്തര്യത്തിനുള്ള' ഐ.എസ്.ഒ ഗ്ലോബല്‍ സര്‍ട്ടിഫിക്കേഷനെന്ന്" ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പുതുക്കാന്‍ സാധിച്ച നേട്ടത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് യൂണിയന്‍ കോപ് ഐ.ടി ഡയറക്ടര്‍ ഐമന്‍ ഉത്‍മാന്‍ പറഞ്ഞു. ഉന്നത നിലവാരവും സുരക്ഷയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുന്ന സ്‍മാര്‍ട്ട് ഇലക്ട്രോണിക് സംവിധാനം ആവിഷ്‍കരിച്ചതിനുള്ള അംഗീകാരം കൂടിയാണ് യൂണിയന്‍ കോപിന് ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു,

യൂണിയന്‍ കോപിലെ ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ്, മാനവ വിഭവശേഷി - സ്വദേശിവത്കരണ ഡിപ്പാര്‍ട്ട്മെന്റ്, ട്രേഡിങ് ഓപ്പറേഷന്‍സ് ഡിവിഷന്‍ എന്നിങ്ങനെയുള്ള മറ്റ് ഡിവിഷനുകളും ഡിപ്പാര്‍ട്ട്മെന്റുകളും നല്‍കിയ സഹകരണത്തിനും പിന്തുണയ്ക്കും ഐ.ടി ഡയറക്ടര്‍ നന്ദി പറഞ്ഞു. നിലവിലുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പുതുക്കുന്നതിനും അത് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം സര്‍ട്ടിഫിക്കേഷന്‍ പുതുക്കുന്നതില്‍ പുതിയ വകുപ്പുകളെക്കൂടി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പോലും ബിസിനസ് നൈരന്തര്യം ഉറപ്പാക്കാനും പ്രശ്ന സാധ്യതകള്‍ തിരിച്ചറിയാനുമുള്ള യൂണിയന്‍ കോപിന്റെ ശേഷിയെ ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

Follow Us:
Download App:
  • android
  • ios