ദുബായ്: കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2019ന്റെ ആദ്യപാദത്തില്‍ യൂണിയന്‍ കോപിന് 20 ശതമാനം അധികലാഭം. 2018ലെ ആദ്യ മൂന്ന്മാസങ്ങളില്‍ 23.77 കോടി ദിര്‍ഹം ലാഭം നേടിയിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 28.46 കോടി ദിര്‍ഹമാണ് ലാഭം. 4.69 കോടി ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് കമ്പനിയുടെ ലാഭത്തിലുണ്ടായിരിക്കുന്നത്.

സാധനങ്ങളുടെ വില കുറയ്ക്കാന്‍ യൂണിയന്‍ കോപ് നടത്തിയ ശ്രമങ്ങളാണ് സമാന്തരമായി ലാഭ വര്‍ദ്ധനയിലേക്ക് നയിച്ചതെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു. ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം 26.85 കോടി ദിര്‍ഹത്തിന് തുല്യമായ വിലക്കുറവാണ് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയത്. 2018ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വിലക്കുറവില്‍ 18.63 ശതമാനത്തിന്റെ വര്‍ദ്ധനവാണുള്ളത്. ഉപഭോക്താക്കളുടെ സാമ്പത്തികഭാരം കുറയ്ക്കാനും വിപണിയില്‍ വില നിയന്ത്രിക്കാനും ലക്ഷ്യമിട്ട് യൂണിയന്‍ കോപ് നല്‍കിയ വിലക്കുറവുകളും ആനുകൂല്യങ്ങളുമാണ് ഇതിലേക്ക് നയിച്ചത്. ചില്ലറ വിപണിയിലെ വില നിയന്ത്രണത്തില്‍ തങ്ങള്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കമ്പനി ഡയറക്ടര്‍ ബോര്‍ഡും വിവിധ തലങ്ങളിലുള്ള എക്സിക്യൂട്ടീവ് മാനേജ്മെന്റുമാണ് ഈ വിജയത്തിന്റെ ശില്‍പികളെന്നും അല്‍ ഫലാസി പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിന്റെ നിരന്തര പരിശ്രമമാണ് വിജയത്തിലേക്ക് നയിച്ചത്. ഒപ്പം എല്ലാ തലങ്ങളിലുമുള്ള എക്സിക്യൂട്ടീവ് മാനേജ്മെന്റ്, ജീവനക്കാര്‍, ഡിവിഷനുകള്‍, വിവിധ വകുപ്പുകള്‍ സെക്ഷനുകള്‍ തുടങ്ങിയവയെല്ലാം ഒന്നാം സ്ഥാനത്തെത്തണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. കൃത്യമായ ആസൂത്രണത്തിന്റെയും ശ്രദ്ധയോടെയുള്ള നിര്‍വഹണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും  ദൃഢനിശ്ചയത്തിന്റെയും വിജയമാണിത്. മികച്ച പ്രകടത്തിന്റെ ഫലം ജനങ്ങള്‍ക്ക് 18.63 ശതമാനം വിലക്കുറവായും ഓഹരി ഉടമകള്‍ക്ക് 20 ശതമാനം ഉയര്‍ന്ന ലാഭമായും ലഭിക്കുകയാണ്.

2019ന്റെ ആദ്യപകുതിയിലെ മികച്ച പ്രകടനം പോലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും യൂണിയന്‍ കോപ് പ്രധാന പങ്ക് വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചില്ലറ വിപണിയിലെ വെല്ലുവിളികള്‍ക്കപ്പുറമുള്ള പ്രതീക്ഷകളാണ് ഇതുവഴി യൂണിയന്‍ കോപിനുള്ളത്.

കമ്പനിയുടെ ആകെ വരുമാനത്തില്‍ 1.6 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്. 2018ന്റെ ആദ്യ പകുതിയില്‍ 142.9 കോടി ദിര്‍ഹമായിരുന്നത് ഈ വര്‍ഷം 2.3 കോടി ദിര്‍ഹം ഉയര്‍ന്ന് 145.2 കോടി ദിര്‍ഹമായി. ചിലവുകളിലുണ്ടായ ഗണ്യമായ കുറവും ലാഭം വര്‍ദ്ധിക്കാന്‍ കാരണമായി. ആകെ ചിലവുകളില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായത് വഴി 2.3591 കോടിയുടെ ലാഭമുണ്ടായി. 2018ല്‍ 119.1 കോടി ദിര്‍ഹത്തില്‍ നിന്ന് ഈ വര്‍ഷം 116.8 കോടിയായാണ് കുറഞ്ഞത്. മികച്ച ആശയങ്ങളിലൂടെയാണ് ഉല്‍പാദനക്ഷമത നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിലവുകള്‍  കുറയ്ക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ ഉറപ്പാക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മുന്നില്‍വെച്ച ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള താല്‍പര്യമാണ്എല്ലാ വിജയങ്ങളും സാധ്യമാക്കുന്നതെന്നും അല്‍ ഫലാസി പറഞ്ഞു.