ദുബായ്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ തടയുന്നതിനും സമൂഹത്തില്‍ ഇതിനെതിരായ അവബോധം സൃഷ്ടിക്കുന്നതിനുമായി യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂണിയന്‍ കോപ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനുമായി ചേര്‍ന്ന് രണ്ട് സഹകരണ ഉടമ്പടികളില്‍ ഒപ്പുവെച്ചു. ഗാര്‍ഹിക പീഡനം, അതിക്രമം, കുട്ടികള്‍ക്കെതിരായ അതിക്രമം, മനുഷ്യക്കടത്ത് എന്നിവയ്ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണമൊരുക്കുന്ന യുഎഇയിലെ ആദ്യത്തെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗീകൃത സ്ഥാപനമാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ആദ്യ ഉടമ്പടിയുടെ ലക്ഷ്യം. ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ക്കും ഇരകളാക്കപ്പെടുന്നവര്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തുന്നതിനായി ഗ്രീന്‍ഹോംസ് പ്രോജക്ട് വ്യാപിപ്പിക്കുക എന്നതാണ് രണ്ടാമത്തെ ഉടമ്പടിയിലൂടെ ഉദ്ദേശിക്കുന്നത്.

ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍റെ ഡയറക്ടര്‍ ജനറല്‍ എച്ച് ഇ അഫ്ര അല്‍ ബസ്തിയും യൂണിയന്‍ കോപിന്‍റെ സിഇഒയ്ക്ക് വേണ്ടി ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വകുപ്പിന്‍റെ ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകിയുമാണ് ഉടമ്പടിയില്‍ ഒപ്പിട്ടത്.  എത്തിഹാദ് മാളില്‍ രണ്ട് സ്ഥാപനങ്ങളുടെയും നിരവധി ജോലിക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു ഇവര്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നവരെ സംരക്ഷിക്കുകയും അവര്‍ക്ക് ജീവിക്കാനുള്ള  വരുമാനം നല്‍കുകയും ചെയ്യുന്നതും  അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം  നടത്തുന്നതുമാണ് ഉടമ്പടികളുടെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് യൂണിയന്‍ കോപ്പിന് വേണ്ടി എച്ച് ഇ അല്‍ഫ്ര അല്‍ ബസ്തി ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രനുമായി സഹകരിക്കുന്നതിലൂടെ കോര്‍പ്പറേറ്റ് രംഗത്ത് സാമൂഹിക പ്രതിബന്ധതയും സാമൂഹിക പങ്കാളിത്തവും വളര്‍ത്തുന്നതില്‍ യൂണിയന്‍ കോപ്പ് മാതൃകയാകുമെന്ന് ചൂണ്ടിക്കാട്ടിയ അല്‍ ബസ്തി യുഎഇ സമൂഹത്തിന്‍റെ മൂല്യങ്ങള്‍ക്കധിഷ്ഠിതമായി  രണ്ട് വ്യത്യസ്ത സ്ഥാപനങ്ങള്‍ ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നുവെന്നും സമാനമായ രീതിയിലുള്ള പങ്കാളിത്തം സമീപ ഭാവിയിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

മികച്ച അടിത്തറയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായുള്ള നൂതന പ്രചാരണങ്ങളും രീതികളും തുടങ്ങുന്നതില്‍ പ്രത്യേക താല്‍പ്പര്യമുള്ള യൂണിയന്‍ കോപിന്‍റെ പിന്തുണയെക്കുറിച്ച് യൂണിയന്‍ കോപ്പ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി അറിയിച്ചു. ഇത്തരം പങ്കാളിത്തങ്ങളിലൂടെ സമൂഹത്തിലെ ആളുകളുടെ മെച്ചപ്പെട്ട ജീവിതത്തിനും സാമൂഹിക സേവനങ്ങളിലൂടെ വിദ്യാഭ്യാസപരമായി ഔന്നിത്യമുള്ള, സൗഹൃദാന്തരീക്ഷവും സ്നേഹവും നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കാനും യൂണിയന്‍ കൂപ് ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളിലൂടെ ശ്രമിക്കുകയാണെന്നും അല്‍ ബസ്തകി കൂട്ടിച്ചേര്‍ത്തു. സാമൂഹിക സഹകരണത്തിലൂടെ സമൂഹത്തിന്‍റെ വികസനത്തിനാണ് യൂണിയന്‍ കോപ് സ്വയം സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.