അബുദാബി: ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ പരമാവധി രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കകം ഉപഭോക്താക്കള്‍ക്ക് എത്തിച്ച് നല്‍കുമെന്ന് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കിടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാനായാണ് യൂണിയന്‍ കോപിന്‍റെ പുതിയ പ്രഖ്യാപനം. മാര്‍ച്ച് 10 മുതല്‍ ഈ തീരുമാനം നടപ്പിലാക്കും.

ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം 500 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് യൂണിയന്‍ കോപ് വക്താവ് അറിയിച്ചു.  ഇ-കൊമേഴ്സ്, ഡെലിവറി സേവനങ്ങള്‍, ലോജിസ്റ്റിക് സേവനങ്ങളായ Noon, El Grocer, Dukkaani, Instashop, Masar, ATC, Swan, Dubai Taxi, Infiniti, New Heights, ADCO എന്നിവയില്‍ ഉള്‍പ്പെടുള്ള ജീവനക്കാരുടെ എണ്ണമാണ് വര്‍ധിപ്പിച്ചത്. 

നിലവില്‍ 155 ഡെലിവറി വാഹനങ്ങളാണ് യൂണിയന്‍ കോപിനുള്ളത്. ഇത് 300 ആയി ഉയര്‍ത്തുന്നതിന് വിവിധ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുകയാണെന്നും ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഫലപ്രദമാകുന്ന രീതിയില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും യൂണിയന്‍ കോപ് വക്താവ് കൂട്ടിച്ചേര്‍ത്തു. റമദാനില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുനല്‍കാനും കടകളിലെ തിരക്ക് ഒഴിവാക്കാനുമായി ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും ഉള്‍പ്പെടെ 32,000ത്തോളം ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് യൂണിയന്‍ കോപ് വക്താവ് പറഞ്ഞു.

അതേസമയം യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ മുഖേനയുള്ള ഇ- ഷോപ്പിങ് സേവനങ്ങള്‍ വര്‍ധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 21 വരെയുള്ള കണക്കും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ കണക്കും താരതമ്യം ചെയ്യുമ്പോള്‍ 61,664 പുതിയ ഉപഭോക്താക്കളാണ് യൂണിയന്‍ കോപിന്റെ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 38,816 ആയിരുന്നു. ദിനംപ്രതി 125 ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ലഭിച്ചിരുന്നതില്‍ നിന്നും ഇപ്പോള്‍ ദിവസേന 900 ഓര്‍ഡറുകള്‍ വരെ ലഭിക്കുന്നുണ്ടെന്നും 720% വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും യൂണിയന്‍ കോപ് വക്താവ് അറിയിച്ചു.

ഈ കാലയളവില്‍ 18,740,425 ദിര്‍ഹത്തിന്റെ വില്‍പ്പനയാണ് ഉണ്ടായത്. 54,201 ഓര്‍ഡറുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇതിലൂടെ 2020 തുടക്കം മുതല്‍ മാര്‍ച്ച് ഒന്നു വരെയുള്ള കാലയളവില്‍ 223% വളര്‍ച്ചയാണ് നേടിയതെന്നും യൂണിയന്‍ കോപ് വക്താവ് വിശദമാക്കി.