ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്, തുടര്‍ച്ചയായ ഏഴാം വര്‍ഷവും ദുബായ് ചേംബറിന്റെ സിഎസ്ആര്‍ പുരസ്‍കാരത്തിന് അര്‍ഹരായി. സാമൂഹിക ക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി-പൊതുജന സൗഹൃദ ഉദ്യമങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം.

ദുബായ് ചേംബര്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ചെയര്‍മാന്‍ മാജിദ് സൈഫ് അല്‍ ഗുറൈറില്‍ നിന്ന് യൂണിയന്‍ കോപ് അഡ്‍മിന്‍ അഫയേഴ്‍സ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ബെറഗാദ് അവാര്‍ഡ് ഏറ്റുവാങ്ങി. യൂണിയന്‍ കോപ് ബിസിനസ് സ്ട്രാറ്റജി ആന്റ് കോര്‍പറേറ്റ് ഡെവലപ്‍മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ദരീന്‍ ജമാല്‍ അവിദ, വിവിധ കമ്പനികളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ച്ചയായ ഏഴാം തവണയും പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഭിപ്രായപ്പെട്ട മുഹമ്മദ് ബെറഗാദ്, സാമൂഹികപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് യൂണിയന്‍ കോപ് പ്രധാനപരിഗണന നല്‍കുന്നതെന്നും അറിയിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനമെന്ന നിലയില്‍ സാമൂഹികമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന യൂണിയന്‍ കോപ് മേധാവികളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് സ്ഥാപനങ്ങള്‍ക്കുകൂടി മാതൃകയാവനാണ് യൂണിയന്‍ കോപ് ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി മാറ്റാനും ലക്ഷ്യമിട്ട് 2011ലാണ് ദുബായ് ചേംബര്‍, സിഎസ്ആര്‍ പുരസ്കാരത്തിന് തുടക്കം കുറിച്ചത്. തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഈ പുരസ്കാരം സ്വന്തമാക്കാന്‍ കഴിഞ്ഞത് സാമൂഹിക പ്രതിബദ്ധത ലക്ഷ്യമിട്ട് യൂണിയന്‍ കോപ് തുടര്‍ച്ചയായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ മികവിന്റെ തെളിവാണ്.